ഒരുമനയൂർ: പൊള്ളയായ വികസന സെമിനാർ, ഫണ്ടുകൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുമനയൂർ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ വികസന സെമിനാർ കരട് പദ്ധതിരേഖ കത്തിച്ച് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെയാണ് വികസന സെമിനാർ എൻ.കെ. എംഎൽഎ ഉദ്ഘാടനം ചെയ്തത്. യാതൊരു വികസന പ്രവർത്തനവും നടത്താതെ ജനദ്രോഹപരമായ ഭരണവുമായി മുന്നോട്ടുപോകുന്ന ഭരണസമിതി തികച്ചും പരാജയമാണ്. ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് കരട് രേഖ കത്തിച്ചു. രണ്ടുതവണ 40 ലക്ഷത്തോളം ഫണ്ട് ആണ് പഞ്ചായത്ത് നഷ്ടപ്പെടുത്തിയതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഈ വർഷത്തെ ഫണ്ടും കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ്. പദ്ധതി നഷ്ടപ്പെടുത്തുന്ന കാര്യത്തിൽ ഹാട്രിക് നേടി സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടായി വിജിത സന്തോഷിനെ അംഗീകാരം നൽകണമെന്ന് പ്രതിപക്ഷ അംഗം കെ.ജെ.ചാക്കോ പറഞ്ഞു. മെമ്പർമാരായ നസീർ മൂപ്പിൽ, നഷ്റ മുഹമദ്, ആരിഫ ജൂഫൈർ എന്നിവർ നേതൃത്വം നൽകി. അതേസമയം പ്രതിപക്ഷം നടത്തിയ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് വിജിത സന്തോഷ് പറഞ്ഞു. ഇതുവരെ യാതൊരു ഫണ്ടും നഷ്ടപ്പെടുത്തിയിട്ടില്ല. ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തിവരുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.