കൊടുങ്ങല്ലൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. മേത്തല കീഴ്ത്തളി പരേതനായ ശ്രീകുമാർ മേനോന്റെ മകൻ വിവേക് മേനോൻ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനുവരി 20ന് കിഴ്ത്തളി റോഡിലായിരുന്നു അപകടം. വിവേകിനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച ലോട്ടറി തൊഴിലാളി കിഴ്ത്തളി അമ്പലപ്പറമ്പിൽ വിജയൻ അപകടത്തിൽ നേരത്തെ മരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 24നായിരുന്നു മരണം. കൊടുങ്ങല്ലൂരിലേക്ക് പോകേണ്ടിയിരുന്ന വിവേകിനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടയിലായിരുന്നു ബൈക്ക് വന്നിടിച്ചത്. അപകടത്തിൽ രണ്ടു പേർക്കും ഗുരുതര പരിക്കേറ്റിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: നമ്പാട്ട് പ്രേമ (അധ്യാപിക, ഭാരതീയ വിദ്യാഭവൻ). സഹോദരൻ: വരുൺ മേനോൻ.