അരിമ്പൂർ: സാധാരണക്കാരന് കൂടി ഉപയോഗിക്കാവുന്ന രീതിയിൽ ശീതീകരിച്ച കമ്മ്യൂണിറ്റി ഹാൾ എന്ന ലക്ഷ്യം നേടാൻ അടിയന്തിര ഇടപെടലിന് അരിമ്പൂർ പഞ്ചായത്ത് വികസന സെമിനാർ തീരുമാനിച്ചു. കൃഷി പാർപ്പിടം റോഡ് വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ ഊന്നൽ നൽകുന്ന പദ്ധതികൾക്കൊപ്പം സാമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടു വരാവുന്ന പദ്ധതികൾക്കും അരിമ്പൂർ പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. കാലാവസ്ഥ വ്യതിയാനം ലഹരികളുടെ അപകടകരമായ വ്യാപനവും ഉപയോഗവും നിരുത്സാഹപെടുത്തുന്നതിനും തടയുന്നതിനും പദ്ധതികൾക്ക് രൂപം നൽകി. പശ്ചാത്തല ഉത്പാദന മേഖലകളിൽ ശ്രദ്ധിക്കുന്നതോടൊപ്പം സേവന മേഖലയിലും ഇടപെട്ടുകൊണ്ട് വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും വികസന സെമിനാറിൽ ധാരണയായി. വ്യാഴാഴ്ച അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് സി ജി സജീഷ് പദ്ധതി വിശദീകരണം നടത്തി. ശോഭ ഷാജി ഹരിദാസ് ബാബു, പി.എ. ജോസ്, ലതാ മോഹൻ, വി.കെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, അസി.സെക്രട്ടറി എം.എസ്. ദീപ്തി എന്നിവർ സംസാരിച്ചു.