പെരിങ്ങോട്ടുകര: കാനാടി മഠം തറവാട്ടിലെ തിറവെള്ളാട്ട് മഹോത്സവം ഫെബ്രുവരി എട്ട് ശനിയാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെ ആഘോഷിക്കുമെന്ന് ട്രസ്റ്റിമാരായ അഡ്വ. കെ.എസ്. സുജിത്ത്‌ലാൽ, കെ.വി. സൈലേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴിന് ചെമ്മീൻ മ്യൂസിക്കൽ ബാന്റും സീനിയേഴ്‌സ് ശിങ്കാരിമേളവും സംയുക്തമായി അവതരിപ്പിക്കുന്ന മെഗാഷോയോടെ കലാപരിപാടികൾക്ക് തുടക്കമാകും. ഞായറാഴ്ച രാത്രി ഏഴിന് കാനാടി മഠം സൂര്യബ്രഹ്‌മ കലാക്ഷേത്രം വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറും. തിങ്കളാഴ്ച താന്ന്യം പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ നിർധന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകും. തുടർന്ന് കാനാടി മഠം നടനസരോവരം വിദ്യാർഥികളുടെ സംഗീതകച്ചേരിയും തദ്ദേശവാസികളുടെ കലാപരിപാടികളും നടക്കും. ചൊവ്വാഴ്ച ദേശവാസികളുടെ കലാപരിപാടികളും, ബഡായി ബംഗ്ലാവ് ഫെയിം കോട്ടയം സ്റ്റാലിൻ അവതരിപ്പിക്കുന്ന ഫിഗർ ഷോയും നടക്കും. ബുധനാഴ്ച രാവിലെ പത്തിന് ഡോ. ദിനേശ് കർത്ത ചാക്യാർ കൂത്ത് അവതരിപ്പിക്കും. തിറവെള്ളാട്ട് മഹോത്സവത്തിന് ആരംഭംകുറിക്കുന്ന ഫെബ്രുവരി 13 വ്യാഴാഴ്ച തിറമണ്ണാർക്ക് വരവേൽപ്, തിറമുഖത്ത് കളം, വൈകീട്ട് നിറമാല, പറ്റ്, കേളി, തായമ്പക എന്നിവയും വിഷ്ണുമായ സ്വാമിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പും നടക്കും. തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ എഴുപതിൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ആൽത്തറമേളം, പാണ്ടിമേളം, പഞ്ചാരിമേളം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയാകും. മയൂരനൃത്തം, തെയ്യം, കാവടിയാട്ടം, വർണ്ണമഴ എന്നിവയുമുണ്ടാകും. വെള്ളിയാഴ്ച രാവിലെ പത്തിന് മഹാരൂപക്കളം ആരംഭം, ഉച്ചയ്ക്ക് രൂപക്കളത്തിൽ നൃത്തം, വൈകീട്ട് മലനായാടിക്ക് കളം എന്നിവ നടക്കും.