എറവ്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിവാഹ വാർഷിക ദിനത്തിൽ എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെത്തി. കേക്ക് മുറിച്ച് വിവാഹ വാർഷികമധുരം പങ്കിട്ടു. കപ്പൽ പള്ളി അൾത്താരയുടെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു. ഭക്തിഗാനം പാടി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് കപ്പൽ പള്ളിയിലെത്തിയ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയെ വികാരി ഫാ. റോയ് ജോസഫ് വടക്കൻ കേക്ക് നൽകിയാണ് സ്വീകരിച്ചത്. ഈ കേക്ക് മുറിച്ച് എല്ലാവർക്കും നൽകിയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിവാഹ വാർഷികത്തിൻ്റെ മധുരം പങ്കിട്ടത്. തുടർന്ന് വികാരി ഫാ. ജോസഫ് വടക്കനുമൊത്ത് ഉച്ച ഭക്ഷണത്തിനിരുന്നു. ഫാ. ജോസഫ് വടക്കന് നൽകാൻ ചങ്ങനാശേരി പാചക ശൈലിയിൽ പ്രത്യേകം തയ്യാറാക്കിയ താറാവ് കറിയും കേന്ദ്ര സഹമന്ത്രി കൊണ്ടുവന്നിരുന്നു. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെട്ട കുത്തിരിച്ചോറ് ഫാ. ജോസഫ് വടക്കൻ വിളമ്പി നൽകി. ഉച്ച ഭക്ഷണത്തിനു ശേഷം കപ്പൽ പള്ളിയിൽ കയറി സുരേഷ് ഗോപി പ്രാർത്ഥിച്ചു. തുടർന്ന് അൾത്താരയുടെ മുൻപിൽ നിന്ന് ” നന്ദിയാൽ പാടുന്നു ദൈവമേ ” എന്ന ഭക്തി ഗാനവും പാടി. സഹവികാരി ഫാ. ജോഷ് വിൻ കൊക്കൻ, മദർ സുപ്പിരിയർ സിസ്റ്റർ അനില , കൈക്കാരന്മാരായ ജോയ് കുണ്ടുകുളം, ഷാജു താണിക്കൽ, ജോഷി ചിറയത്ത്, വർഗീസ് പ്ലാക്കൻ എന്നി വരും കേന്ദ്ര മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ബിജെപി നേതാക്കളായ കെ.കെ. അനീഷ് കുമാർ, രഘുനാഥ് സി. മേനോൻ, ജസ്റ്റിൻ ജേക്കബ്, അഡ്വ. കെ.ആർ. ഹരി എന്നിവർ കേന്ദ്ര മന്തിയോടൊപ്പമുണ്ടായിരുന്നു.
previous post