കുന്നംകുളം: സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് പ്രൗഢോജ്വല തുടക്കം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. യു.പി. ജോസഫ് താൽക്കാലിക അധ്യക്ഷനായി. പി.കെ. ചന്ദ്രശേഖരൻ രക്തസാക്ഷി പ്രമേയവും കെ.കെ. രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ടി.കെ. വാസു സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എ.സ് ബാ ലൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ ശൈലജ, എളമരം കരീം, കെ.എൻ. ബാലഗോപാൽ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, ടി.പി. രാമകൃഷ്‌ണൻ, എം സ്വരാജ്, ഡോ. പി.കെ. ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്‌തീൻ, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ എന്നിവർ പങ്കെടുക്കുന്നുണ്ട്.
യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.വി. നഫീസ, കെ.ആർ. വിജയ, യു.ആർ. പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. കെ.വി. അബ്ദുഖാദർ (പ്രമേയം), പി.കെ. ഷാജൻ (മിനുട്‌സ്), പി.കെ. ഡേവിസ് (ക്രഡൻഷ്യൽ), കെ.എഫ്. ഡേവിസ് (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ സ്‌റ്റിയറിങ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അവതരിപ്പിച്ച റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. ചർച്ച തിങ്കളാഴ്‌ചയും തുടരും. സമാപന സമ്മേളനം ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (കുന്നംകുളം ചെറുവത്തൂർ മൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.