കുന്നംകുളം: രണ്ടു ദിവസമായി നടക്കുന്ന സി.പി.എം തൃശൂർ ജില്ല പ്രതിനിധി സമ്മേളനത്തിൽ സർക്കാറിനെയും എ.സി. മൊയ്തീൻ എം.എൽ.എയെയും കടന്നാക്രമിച്ച് പ്രതിനിധികൾ. രണ്ടാം ദിനത്തിലെ ചർച്ചയിലും പൊലീസിനുനേരെ രൂക്ഷവിമർശനശരങ്ങളാണ് അംഗങ്ങൾ തൊടുത്തുവിട്ടത്. ആദ്യ ദിനം അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ ചർച്ചകളാണ് തിങ്കളാഴ്ചയും തുടർന്നത്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച ആയിരക്കണക്കിന് പരാതികൾ ജില്ലയിലെ വിവിധ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും അയച്ചുകൊടുത്തുവെന്നല്ലാതെ ഒരു നടപടിയും ഇന്നേവരെ ഉണ്ടായില്ലെന്ന് ആക്ഷേപമുയർന്നു. രണ്ടാം ദിനത്തിലും പൊലീസിനുനേരെ വിമർശനമുയർന്നു. കുന്നംകുളം, ചാവക്കാട് മേഖലയിലുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. വൻകിട മുതലാളിമാരാണ് സ്റ്റേഷനുകൾ ഭരിക്കുന്നത്. അത്തരക്കാരുടെ വീടുകളിൽ ചർച്ചകൾ നടത്തി കാര്യങ്ങൾ പരിഹരിക്കുകയാണ് ചെയ്യുന്നത്. പാർട്ടി നേതാക്കൾക്ക് സ്റ്റേഷനിൽ ചെന്ന് കാര്യം പറയാൻ പോലും അവസരം നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ചാവക്കാട് ഏരിയയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ പൊലീസ് അപമാനിച്ചുവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ല സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കുന്നംകുളത്ത് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായങ്ങൾക്ക് വിലകൽപിക്കാതെ ആറ് അനുഭാവികളെ ഞായറാഴ്ച റിമാൻഡ് ചെയ്യാൻ ഇടയായ സാഹചര്യവും ചർച്ചാവിഷയമായി. മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീനെ വിമർശിക്കുന്നതിൽ പ്രതിനിധികൾ മടിച്ചില്ല. കരുവന്നൂർ കേസിലെ പ്രതിയുടെ സൂപ്പർമാർക്കറ്റ് മന്ത്രിയായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്യാൻ പോയത് വ്യക്തിപരമായി അവരോടുള്ള ബന്ധമാണ് സൂചിപ്പിക്കുന്നതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. കുന്നംകുളം എം.എൽ.എ ജില്ല സെക്രട്ടറിയായിരുന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി അന്നത്തെ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി നൽകിയ പരാതി ഗൗരവമായി എടുക്കാതെ മുന്നോട്ടുപോയതും പരാതിക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തതാണ് പാർട്ടി ഇത്രയേറെ പൊതുസമൂഹത്തിൽ അപഹസിക്കപ്പെടാൻ കാരണമായതെന്ന് വിമർശനമുയർന്നു. ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ മറുപടി നൽകി.