അന്തിക്കാട്: ഹൈലെവൽ കനാലിനു മുകളിൽ നിർമിച്ചിട്ടുള്ള പുത്തൻകോവിലകം കടവാരം പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ മധ്യഭാഗത്തെ സ്പാൻ തെന്നി താഴ്ന്നു. അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് വാർക്ക കമ്പികൾ ദ്രവിച്ച് പുറത്തുവന്ന നിലയിലാണ്. ഭാരവാഹനങ്ങൾ കടന്നു പോയാൽ പാലം പൂർണമായും തകരും. അപകട മുന്നറിയിപ്പ് ബോർഡ് പോലും പാലത്തിന്റെ സമീപം സ്ഥാപിച്ചിട്ടില്ല. പാലം പുതുക്കി പണിയാമെന്ന ഉറപ്പ് കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ (കെഎൽഡിസി) അധികൃതർ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. പാലം അപകടാവസ്ഥയിലായതോടെ കർഷകർക്ക് കോൾപ്പടവുകളിൽ നിന്നു നെല്ല് കൊയ്ത് കയറ്റി കൊണ്ടുപോകാനാകുന്നില്ല. അഞ്ഞൂറാൻ, കോതാംകോൾ എന്നീ പടവുകളിലെ ഏകദേശം 200 ഏക്കറിലെ നെല്ലാണ് ഈ പാലത്തിലൂടെ കൊണ്ടുപോകേണ്ടത്. 25 മുതൽ ഈ പടവുകളിൽ കൊയ്ത്ത് തുടങ്ങും. നെല്ല് കൊയ്ത് ചാക്കിലാക്കി ട്രാക്ടറുകളിൽ കൊണ്ടുവന്ന് പാലത്തിന്റെ സമീപത്തെ നെല്ല് സൂക്ഷിപ്പുകേന്ദ്രത്തിൽ വച്ചു തൂക്കം നോക്കി ലോറിയിൽ കയറ്റി പോകുന്നതാണ് പതിവ്. ഇനി കർഷകർക്ക് നെല്ല് കൊണ്ടുപോകണമെങ്കിൽ 2 കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. പാലം പണിയാമെന്ന് ഉറപ്പ് പറഞ്ഞുവെങ്കിലും ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാലം പുതുക്കിപ്പണിയാതെ കെഎൽഡിസി പോയെന്ന് പാടശേഖര ഭാരവാഹിയായ സുധീർ പാടൂർ കുറ്റപ്പെടുത്തി.
previous post