അന്തിക്കാട്: പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ (എംസിഎഫ്) നിന്നും കരാറെടുത്തവർ കൊണ്ടും പോയ ചാക്കു കെട്ടുകൾ ലോറിയിൽ നിന്നും വഴിയിൽ വീണും മരക്കൊമ്പിൽ തൂങ്ങിയും കിടന്നത് ആശങ്കക്കിടയാക്കി. പത്തിലധികം ചാക്കുകളാണ് റോഡരുകിലും മരക്കൊമ്പിലും തൂങ്ങിയും മണിക്കൂറുകളോളം കിടന്നത്. പൊതു പ്രവർത്തകരുടെ പരാതിയിൽ പിന്നീട് ചാക്ക് കെട്ടുകൾ വഴിയിൽ നിന്ന് മറ്റൊരു വാഹനമെത്തിച്ച് മാറ്റുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. അന്തിക്കാട് ആശുപത്രി മുതൽ ഖാദർ സെൻ്റർ വരെയുള്ള പ്രദേശത്തെ റോഡിലാണ് ചാക്ക് കെട്ടുകൾ വീണു കിടന്നിരുന്നത്. ഒരു ചാക്ക് റോഡരുകിലെ മരച്ചില്ലയിൽ തുങ്ങി കിടന്നു. ഖാദർ സെൻ്ററിലുള്ള അന്തിക്കാട് പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് കരാറുകാർ ലോറിയിലാക്കി കൊണ്ടുപോയ മാലിന്യ ചാക്കുകളാണ് അശ്രദ്ധ മൂലം വഴിയിൽ വീണു പോയത്. ഇത്രയധികം ചാക്കുകൾ വീണു പോയിട്ടും വാഹനത്തിലുള്ളവർ വിവരം അറിഞ്ഞില്ല. ലോറിയുടെ മുകളിൽ കൂട്ടിയിട്ട ചാക്കിലൊന്നാണ് മരക്കൊമ്പിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് നാട്ടുകാർ കൂടി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവൻ്റെ നേതൃത്വത്തിലുള്ളവർ സ്ഥലത്തെത്തി പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരമറിയിച്ചു. തുടർന്ന് 5 മണിയോടെ മാലിന്യ ചാക്കുകൾ മറ്റൊരു ലോറി എത്തിച്ച് കയറ്റി കൊണ്ടു പോകുകയായിരുന്നു.