കൊടുങ്ങല്ലൂർ: ദക്ഷിണ കർണാടകയിലെ പൊളംദൂരിൽ ബീഡി വ്യവസായിയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി 30 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച കേസിൽ കൊടുങ്ങല്ലൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേര് പടിയിൽ ‘ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷഫീർ ബാബുവിനെയാണ് കർണാടക പോലീസ് ഇരിങ്ങാലക്കുടയിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ കാസർകോട് സ്വദേശികളാണെന്നാണ് സൂചന. ശൃംഗാരി ബീഡി വ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിലാണ് വെള്ളിയാഴ്ച ആറംഗ സംഘം വ്യാജ ഇഡി റെയ്ഡ് നടത്തിയത്. നികുതി വെട്ടിച്ചതിന് സുലൈമാൻ ഹാളിക്കെതിരെ വാറൻ്റ് ഉണ്ടെന്ന് പറഞ്ഞായിരുന്നു വ്യാജ റെയ്ഡ് നടത്തിയത്. ഇവർ മടങ്ങിയ ശേഷം വ്യാജന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ കർണാടക പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കർണാടക പോലീസ് ഷഫീർ ബാബു ഉൾപ്പെടെയുള്ളവരെ പിടികൂടിയത്.