അരിമ്പൂർ: മനക്കൊടി വാരിയം കോൾപ്പാടത്തെ നെൽകൃഷി വിളവെടുപ്പ് നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി. മുൻ മന്ത്രി വി.എസ്.സുനിൽകുമാറും ചടങ്ങിൽ പങ്കെടുത്തു. കോൾപ്പടവിലെ കർഷകനായ സി.പി. സാലിഹ് തൻ്റെ ഉടമസ്ഥതയിലുള്ള എട്ടര ഏക്കറോളം വരുന്ന പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശ്ശൂർ മെഡിക്കൽ കോളേജ്, ജില്ലയിലെ വിവിധ ആശുപത്രികളിലെ കാൻസർ – ടി.ബി. വാർഡുകളിലെ രോഗികൾക്കായി സ്ഥിരം സംവിധാനമായി നൽകാൻ സന്നദ്ധനായി. മാതൃകാപരമായ പ്രവർത്തനത്തിന് സി.പി. സാലിഹിനെ റവന്യൂ മന്ത്രി രാജൻ ഉപഹാരം നൽകി ആദരിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, വാർഡംഗം കെ. രാഗേഷ്, കൃഷി ഓഫീസർ സ്വാതി ബാബു, സംയുക്ത പാടശേഖരസമിതി പ്രസിഡൻറ് കെ.കെ. മുകുന്ദൻ, വാരിയം കോൾ പാടശേഖര സമിതി പ്രസിഡൻ്റ് കെ.സി. പുഷ്കരൻ, സെക്രട്ടറി കെ.കെ. അശോകൻ, വാർഡ് മെംബർ കെ. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. പുറംചാൽ കവിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളമൊഴുകുന്ന പ്രശ്നം ഒഴിവാക്കാൻ കർഷകരും ബന്ധപ്പെട്ട വകുപ്പിൻ്റെ ആളുകളും സംയുക്തമായി രൂപരേഖ തയ്യാറാക്കിയ ശേഷം ഈ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ. രാജൻ കർഷകർക്ക് ഉറപ്പു നൽകി.
previous post