തളിക്കുളം: സ്നേഹതീരം ബീച്ചിലും ഇടശ്ശേരി ബീച്ചിലുമായി മൂന്ന് കടകളിൽ മോഷണം. ഇടശ്ശേരി ബീച്ചിലെ വഴിയോരം ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ മൂന്ന് കുടുക്കകളിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും കവർന്നു. നാലായിരത്തോളം രൂപയാണ് നഷ്ടമായത്. മോഷ്ടാക്കളായ രണ്ട് യുവാക്കളുടെ മോഷണ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഉടമ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് വാടാനപ്പള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ പിടികൂടാൻ സി.സി.ടി.വി. കാമറ പരിശോധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം സ്നേഹതീരം പാർക്കിന് സമീപത്തെ ഐസ് ക്രീം പാർലറിലും പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. പൂട്ട് പൊട്ടിച്ചായിരുന്നു മോഷണം. പണവും ബേക്കറി സാധനങ്ങളും മോഷണം പോയിരുന്നു. പാർക്കിന്റെ കവാടത്തിന് കിഴക്കും ടോയ്ലറ്റിന്റെ സമീപമുള്ള കടയിലുമായിരുന്നു മോഷണം നടന്നത്. തുടർച്ചയായുള്ള രാത്രി മോഷണം കടക്കാരെ ഭീതിയിലാക്കുന്നുണ്ട്. മോഷണം തടയാൻ രാത്രിയിൽ ബിച്ച് മേഖലയിൽ പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.