തളിക്കുളം: സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള ആയുഷ് കേരള പുരസ്കാരത്തിന് തളിക്കുളം ഗ്രാമപഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. വി.സി.കിരൺ അർഹനായി. ഹോമിയോപ്പതി ചികിത്സാരംഗത്തെ സ്തുത്യർഹ സേവനത്തിനും, ഹോമിയോപ്പതി ചികിത്സാസമ്പ്രദായം പൊതുജനാരോഗ്യ മേഖലയിൽ കാര്യക്ഷമമായി നടപ്പിലാക്കിയതിനുമാണ് പുരസ്കാരം. ആയുഷ് കേരള ഹോമിയോപ്പതി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പാലക്കാട് വച്ചു നടന്ന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി. പുരസ്കാരം സമർപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ, ഹോമിയോപ്പതി ആശുപത്രിയെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി ഉയർത്താൻ ഡോക്ടർ കിരണ്‍ വി.സി.യുടെ നേതൃത്വത്തിൽ സാധിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും എല്ലാവിധ രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്ക് പുറമേ ഏതു പ്രായക്കാർക്കുമുള്ള അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൈറസ് രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയായി ദിവസേന നൂറിലധികം പേർക്ക് ഡിസ്പെൻസറിയിൽ നിന്നും ചികിത്സ നൽകുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ “വൃദ്ധജന പരിപാലനം ഹോമിയോപ്പതിയിലൂടെ” സ്പെഷ്യൽ പ്രോജക്ട് സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. സ്ത്രീപുരുഷവന്ധ്യതാ ചികിത്സയ്ക്കായും അനേകം പേർ തളിക്കുളം ഹോമിയോപ്പതി ആശുപത്രിയെ ആശ്രയിക്കുന്നു.