ചാലക്കുടി: പോട്ട ശാഖയിലെ ബാങ്കിൽ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലെ പ്രതി ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നു വിളിക്കുന്ന റിജോ ആന്റണി (49 ) യെ റിമാൻഡ് ചെയ്തു. വിയ്യൂർ ജയിലിലേക്ക് മാറ്റി. റിജോ ആന്റണി രണ്ടര വർഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയിൽ വീട് വച്ച് താമസമാക്കിയത്. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കിടയിലാണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ പ്രതിയായ റിജോ ആന്റണി അറസ്റ്റിലായത്. അന്വേഷണ സംഘം പല ടീമുകളായി തിരിഞ്ഞ് രാപ്പകലില്ലാതെ തുടർച്ചയായി നടത്തിയ നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് റിജോ പിടിയിലാകുന്നത്. റിജോ വളരെ ആസൂത്രിതമായി നടത്തിയ കവർച്ചയിൽ അന്വേഷണസംഘത്ത കബളിപ്പിക്കാനായി തന്റെ വസ്ത്രങ്ങളും മറ്റും പല തവണ മാറി പല വഴിക്ക് സഞ്ചരിച്ചെങ്കിലും പോലിസിന്റെ കർമ്മ കുശലതക്കും അന്വേഷണ മികവിനും മുമ്പിൽ റിജോ പിടിയിലാവുകയായിരുന്നു. കേരളത്തെ ആകെ ഞെട്ടിച്ച കേസിൽ ഈ അറസ്റ്റോടു കൂടി കേരള പോലിസിന്റെ അന്വേഷണ മികവിന് ഒരു പൊൻതൂവൽ കൂടി ആവുകയാണ്. റിജോയുമായി നടത്തിയ അന്വേഷണത്തിൽ റിജോ ആന്റണി യുടെ ആശാരിപ്പാറയുള്ള വീടിന്റെ ബെഡ്റൂമിന്റെ അറയിൽ നിന്നും 12 ലക്ഷം രൂപ കണ്ടെടുത്തു. 3 ബണ്ടിലിന്റെ 500 ന്റെ നോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടത്. അതിൽ കണ്ടുകിട്ടിയതിൽ 2 ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകൾ കവർച്ച ചെയ്ത സമയത്ത് ഉള്ളതുപോലെ പൊട്ടിക്കാത്ത നിലയിൽ തന്നെയായിരുന്നു. ഒരു ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകൾ പൊട്ടിച്ച നിലയിലും ആയിരുന്നു. സംഭവ സമയം റിജോ ഉപയോഗിച്ച ഹെൽമെറ്റ് റിജോയുടെ വീടിന്റെ കോണിപ്പടിയുടെ താഴെയുള്ള പെട്ടിയിൽ നിന്നും സംഭവസമയത്ത് റിജോ ആന്റണി ബാങ്ക് ജീവനക്കാരെ ഭീഷണപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിന്റെ അടുക്കളയുടെ കിച്ചൻ സ്ലാബിന്റെ ഡ്രോയറിൽ നിന്നും ലഭിച്ചു. സംഭവ സമയം ബാങ്കിൽ നിന്നും 500 ന്റെ 3 ബണ്ടിലുകൾ കൊണ്ടു പോകാൻ ഉപയോഗിച്ച ബാഗ് ബെഡ് റൂമിൽ നിന്നും റിജൊ ഉപയോഗിച്ച എൻ ടോർക്ക് സ്കൂട്ടർ വീടിന്റെ കാർപോർച്ചിൽ നിന്നും കിട്ടി. ബാങ്കിൽ വരുന്ന സമയം ധരിച്ചിരുന്ന ഷൂ വീടിന്റെ ഷൂ റാക്കിൽ നിന്നും കിട്ടി. ഷർട്ടുകളും ബനിയനും അഴയിൽ നിന്നും ലഭിച്ചു. റിജോ കടം വീട്ടുന്നതിന് നല്കിയ 2,90,000 രൂപ അന്നനാടുള്ള ബിനീഷിന്റെ വീട്ടിൽ നിന്നും ലഭിച്ചിട്ടുള്ളതാണ്. കവർച്ച നടത്തിയ 15 ലക്ഷം രൂപയിൽ നിന്നും 14,90,000 രൂപ കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളതാണ്. റിജോ ആന്റണി കൂടുതൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനും കൂടുതൽ തെളിവു ശേഖരണത്തിനുമായി കസ്റ്റഡിയിൽ വാങ്ങുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് റിജോ കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത്. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് റിജോ കവർച്ച ആസൂത്രണം ചെയ്തത്. ചാലക്കുടി ആശാരിപ്പാറ സ്വദേശിയായ റിജോയെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. കൂടാതെ കവർച്ച നടന്ന ഉടന്‍ തന്നെ തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതും റിജോ പ്രദേശം വിട്ടുപോയിട്ടുണ്ടാകാന്‍ സാധ്യതയില്ല എന്ന നിഗമനത്തില്‍ എത്താൻ സഹായിച്ചു. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ. മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാണ് കവർച്ച ആസൂത്രണം ചെയ്ത്തത്. വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് സ്വന്തം ബൈക്ക് ഉപയോഗിച്ചാണ് പ്രതി കവർച്ച നടത്തിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ നാല് സ്പെഷ്യൽ ടീമുകളെ രൂപീകരിച്ചു. ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെയും കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജു വികെയും ഇതിന് നേതൃത്വം നൽകി. അന്വേഷണസംഘത്തിൽ ചാലക്കുടി ഇൻസ്‌പെക്ടർ സജീവ് എം കെ , കൊരട്ടി ഇൻസ്‌പെക്ടർ അമൃത് രംഗൻ, കൊടകര ഇൻസ്‌പെക്ടർ ദാസ് പി.കെ, അതിരപ്പിള്ളി ഇൻസ്‌പെക്ടർ ബിജു വി, സബ്ബ് ഇൻസ്പക്ടർ മാരായ പ്രദീപ് എൻ, സൂരജ് സി.എസ്, എബിൻ സിഎൻ, സലിം കെ, പാട്രിക് പി.വി, സ്റ്റീഫൻ വി.ജി, സതീശൻ എം, റോയ് പൗലോസ്, മൂസ എം ജി എ, ബസന്ത് റെജിമോൻ, ഹരിശങ്കർ പ്രസാദ്, ജയകൃഷ്ണൻ പി ജി , പ്രദീപ്.സി.ആർ, ഷൈൻ.ടി.ആർ,എഎസ്ഐ മാരായ സിൽജോ വി.യു, സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ റെജി എ.യു, ഷിജോ തോമസ് ആൻസൺ പൗലോസ് , സുരേഷ് ജി., ബിനു എം.ജെ, ജീവൻ ഇ.എസ്, പ്രജിത്ത് കെ.വി, ഷിന്റൊ കെ.ജെ, പി.എക്സ് സോണി. സി.കെ. ബിജു, സിപിഒമാരായ എ.ബി.നിശാന്ത്, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.