ചാവക്കാട്: പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ വനിത മാനേജിംഗ് ഡയറക്ടർ പിടിയിൽ. പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയുടെ പുത്തൻപീടിക യിലുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ പ്രതിയും,ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്ന് പ്രതികൾക്ക് അന്യായമായ ലാഭവും, ആവലാതിക്കാരന് അന്യായമായ നഷ്ടവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികളുടെ സ്ഥാപനത്തിൽ സ്വർണ്ണം നിക്ഷേപിച്ചാൽ മാസംതോറും ഇൻസെന്റീവ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിൻ സൺദാസ്, ബൽക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
previous post