ഗുരുവായൂർ: നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ കെ സ്മാർട്ട് ഏപ്രിൽ ഏഴ് മുതൽ പഞ്ചായത്തുകളിലും ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നഗരസഭകളിൽ കെ സ്മാർട്ട് വിജയകരമായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളെയും കെ സ്മാർട്ട് പരിധിയിൽ കൊണ്ടുവരുന്നതെന്നും ഗുരുവായൂരിൽ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായ അക്കാദമിക് സെഷൻ ഉദ്ഘാടനം ചെയ്യവെ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. ഇതിനായി ലൈസൻസ് നടപടികളിൽ മാറ്റം വരുത്തും. കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും. കേരളം അതിവേഗം വളർന്ന് ഒറ്റ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. മേയ് 31നുമുമ്പ് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിലെ മാലിന്യ സംസ്കരണത്തിലെ വിജയമാണ് ബ്രഹ്മപുരം മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന ധൈര്യം നൽകിയതെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേർത്തു.
എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ എം.കെ. വർഗീസ്, കണ്ണൂർ മേയർ മുസ്‍ലിഹ് മഠത്തിൽ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മുനിസിപ്പൽ ചെയർമാൻ ചേംബർ സെക്രട്ടറി എം.ഒ. ജോൺ, തദ്ദേശ വകുപ്പ് അഡീഷനൽ ഡയറക്ടർ എം.പി. അജിത് കുമാർ എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം എന്ന വിഷയത്തിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈനിൽ സംസാരിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഐ.കെ.എം ചീഫ് മിഷന്‍ ഡയറക്ടര്‍ സന്തോഷ് ബാബു, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ വിഷയാവതരണം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ, തദ്ദേശ ഡയറക്ടർ സൂരജ് ഷാജി, ആസൂത്രണ സമിതി അംഗം ഡോ. ജിജു അലക്സ്, ഡോ. എൻ. രമാകാന്തൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 1200 ഓളം തദ്ദേശസ്ഥാപന പ്രതിനിധികളാണ് തദ്ദേശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, സീറാം സാംബശിവ റാവു എന്നിവർ സെമിനാര്‍ നയിക്കും. സമാപന സമ്മേളനം ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, അയ്യങ്കാളി പുരസ്‌കാരം, ലൈഫ് മിഷന്‍ പുരസ്‌കാരം, മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകൾ മുഖ്യമന്ത്രി നല്‍കും. മന്ത്രി എം.ബി. രാജേഷ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു