വാടാനപ്പള്ളി: പിണറായി ഭരണത്തിൽ കേരളം ലഹരിയുടെ പിടിയിൽ അമരുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്. ലഹരിക്ക് അടിമപ്പെട്ട വരാൽ ഉറ്റവരും നിരപരാധികളുമായ എട്ടു മരണങ്ങളാണ് പുതിയ വർഷത്തിൽ ഉണ്ടായത്. ലഹരിയുടെ ഒഴുക്കാണ് കേരളത്തിൽ നടക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നാട് പോകുമ്പോഴും രാജ്യത്തിന്റെ ഭരണസംവിധാനങ്ങൾ നിഷ്ക്രിയമാണെന്ന് സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു. ജനവിരുദ്ധ ബജറ്റുകൾ ക്കെതിരെ മുസ്‌ലിം ലീഗ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമഗ്ര നയരേഖയാകാൻ കേന്ദ്രബജറ്റിന് കഴിഞ്ഞില്ല. കേരളമടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ പൂർണമായും അവഗണിക്കുക വഴി ഫെഡറൽ സംവിധാനത്തിന് വില കെടുത്തുകയാണ് കേന്ദ്ര സർക്കാർ.
നാടിനോടും ജനങ്ങളോടും ഉത്തരവാദിത്തമില്ലാത്ത ബജറ്റാണ് കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. ജനവിരുദ്ധത മുഖമുദ്രയാക്കിയ ഭരണകൂടങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിച്ചു അണിനിരക്കുകയാണ് പരിഹാരമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് പി.എം. ഷെരീഫ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് ആർ.എ. അബ്ദുൽ മനാഫ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്എം. അൽത്താഫ് തങ്ങൾ, എ.എ. ഷജീർ, പി.എ. ഷാഹുൽഹമീദ്, ബി.കെ. സമീർ തങ്ങൾ, വി.എം. മുഹമ്മദ് സമാൻ, രജനി കൃഷ്ണാനന്ദ്, താഹിറ സാദിഖ്, എ.വൈ. ഹർഷാദ് പ്രസംഗിച്ചു.