പെരിഞ്ഞനം: മൂന്നു പീടികയിലെ സ്വർണ്ണഗോപുരം ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം വാങ്ങി തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. പേരാവൂർ സ്വദേശി അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് (34) ആണ് പിടിയിലായത്. രണ്ടംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്, ഇതിൽ ജ്വല്ലറിയിലെക്ക് വന്ന് തട്ടിപ്പ് നടത്തിയ യുവാവിനെ ഇപ്പോഴും കിട്ടിയിട്ടില്ല. ഇയാളുമായി കാറിൽ എത്തിയ ആളാണ് അഷറഫ്, സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കാറിലെത്തിയ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. കാറിൻ്റെ ഉടമയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അഷറഫ് എന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇയാൾ കാർ വാടകയ്ക്ക് എടുത്താണ് മൂന്നുപീടികയിൽ തട്ടിപ്പിന് എത്തിയത്. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വാങ്ങിയ സ്വർണ്ണത്തിൻ്റെ പേയ്മെൻ്റ് നടത്തിയതായി കാണിച്ചു ഉടമയെ കബളിപ്പിച്ച് യുവാവ് സ്വർണവുമായി കടന്നുകളഞ്ഞത്. എട്ട് പവൻ്റെ സ്വർണാഭരണം ആണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, കയ്പമംഗലം ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്ഐ സൂരജ്, മുഹമ്മദ് സിയാദ്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.