മുല്ലശേരി: കാലപ്പഴക്കത്തിൽ നശിച്ച ഇടിയഞ്ചിറ റഗുലേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ദ്രവിച്ച ഷട്ടറുകളെല്ലാം നേരത്ത ഉൗരി മാറ്റിയിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്കായി റഗുലേറ്ററിന്റെ ഇരു ഭാഗത്തും ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തുന്ന ജോലിയും പൂർത്തിയായി. സിവിൽ, മെക്കാനിക്കൽ ജോലികളാണ് ആരംഭിച്ചത്. പഴയ കോൺക്രീറ്റുകൾ മാറ്റി പുതിയതാക്കും. പുതിയ ഷട്ടറുകൾ സ്ഥാപിക്കും. ഷട്ടറുകളും ബേസ്മെന്റും ചേരുന്ന ഭാഗത്ത് ചോർച്ച ഉണ്ടാകാതിരിക്കാനുള്ള ജോലികളും നടത്തും. മനുഷ്യവിഭവശേഷി ഉപയോഗിച്ച് നടത്തിയിരുന്ന ഷട്ടർ ഉയർത്തലും താഴ്ത്തലും ഇനി യന്ത്രവൽക്കൃതമാകും. സിവിൽ ജോലികൾക്ക് 2.4 കോടി രൂപയും മെക്കാനിക്കൽ ജോലികൾക്ക് 2.62 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിർമാണം വിലയിരുത്താൻ മുരളി പെരുനെല്ലി എംഎൽഎ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ.രമേശൻ, എക്സിക്യൂട്ടീവ് എൻജിനീയർ സി.വി.ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എൻ.സജിത്ത്, എഇ ടി.എ.സിബു എന്നിവർ സ്ഥലത്തെത്തി. നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏപ്രിൽ മാസത്തിൽ നിർമാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. റഗുലേറ്ററിന്റെ മോശം അവസ്ഥ മൂലം കാലങ്ങളായി കോൾ മേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്ന സ്ഥിതിയാണ്. ഇത് മൂലം മുല്ലശേരി തണ്ണീർക്കായൽ, പാടൂർ പുളിപാണ്ടി തുടങ്ങിയ പാടശേഖരങ്ങൾ തരിശിട്ടിരിക്കയാണ്. എളവള്ളി പഞ്ചായത്തിന്റെ ജലനിധി ഉൾപ്പെടെ പല ശുദ്ധജല പദ്ധതികളിലും ഉപ്പുവെള്ളം കയറിയ നിലയിലുമാണ്. റഗുലേറ്ററിന്റെ നവീകരണം പൂർത്തിയായാൽ പ്രശ്നങ്ങളെല്ലാം ശ്വാശതമായി പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.
next post