കാഞ്ഞാണി: കണ്ടശ്ശാംകടവിൽ കാവടിയാട്ട ആഘോഷങ്ങൾക്കിടെ യുവാക്കളെ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 5 പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ടശ്ശാംകടവ് സ്വദേശികളായ ആലപ്പാട്ട് വീട്ടിൽ “ഡിക്രു” എന്ന ലിയോൺ (32), ചക്കമ്പി വീട്ടിൽ അമൽകൃഷ്ണ (24), വന്നേരി വീട്ടിൽ ആദർശ് (29), കാര്യേഴത്ത് അമൽഷാജി (23), അരിമ്പൂർ സ്വദേശി പാറയിൽ സ്വാതിഷ് (21) എന്നിവരെയാണ് അന്തിക്കാട് പ്രിൻസിപ്പൽ എസ് ഐ സുബിന്ദ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 17 ന് കണ്ടശ്ശാംകടവിലുള്ള പവലിയനു സമീപം രാത്രി കാവടിയാട്ടത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു പേരെ മുൻവൈരാഗ്യം വച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
ഇടിവള കൊണ്ടും കസേര കൊണ്ടും തലയിലടക്കം അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചുവെന്നാണ് പോലീസ് കേസ്. അക്രമം നടത്തിയ ഡിക്രു അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം അടക്കം 2 ക്രിമിനൽക്കേസിലെ പ്രതിയാണ്. ആദർശിന് 2 വധശ്രമക്കേസടക്കം 3 ക്രമിനൽ കേസും, സ്വാതിഷിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ അടക്കം 2 ക്രിമിനൽക്കേസുമുണ്ട്.എസ്ഐമാരായ അഭിലാഷ്, ജയൻ, ജോസി ജോസ്, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ അനീഷ്, സാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ് ചെയ്തു.