അന്തിക്കാട്: 17 ഗ്രാം എംഡിഎംഎ യുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബണ്ടിചോർ എന്നു വിളിക്കുന്ന മുറ്റിച്ചൂർ സ്വദേശി കോന്നാടത്ത് വീട്ടിൽ വിഷ്ണു (24) വിനെ അന്തിക്കാട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഡി.സി.ബി. ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി വസ്തുക്കൾ പുറമെ നിന്നെത്തിച്ച് പ്രാദേശിക ലഹരിസംഘങ്ങൾക്കും ആവശ്യക്കാർക്കും എത്തിച്ചു നൽകുന്നത് വിഷ്ണുവാണെന്ന് പോലീസ് പറഞ്ഞു.
മുറ്റിച്ചൂർ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നിന്നാണ് എംഡിഎംഎ സഹിതം വിഷ്ണുവിനെ പോലീസ് സംഘം പിടികൂടിയത്. വധശ്രമ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാൾ അന്തിക്കാടും പരിസര പ്രദേശങ്ങളിലേയും മയക്കു മരുന്ന് ശൃംഘലയിലെ പ്രധാനിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപന നടത്തിയതെന്നും, എവിടെ നിന്നാണ് ഇയാൾക്ക് ലഹരി മരുന്ന് കിട്ടിയതെന്നും മറ്റുമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. അന്തിക്കാട് എസ് എച്ച്.ഒ. സുബിന്ദ് കെ.എസ്, എസ്.ഐ അഭിലാഷ്, ഡാൻസാഫ് എസ്ഐ മാരായ ജയകൃഷ്ണൻ, ഷൈൻ, എ.എസ്.ഐ. സൂരജ് വി.ദേവ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ സോണി, ഷിൻ്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.