തൃശൂർ: ലോക നാടകക്കാഴ്ചകളുടെ ലഹരിയിലമരാൻ ഒരുങ്ങി തൃശൂർ. ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിലുള്ള 15ാമത് അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്ഫോക്കി’ന് ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ മൂന്നു വേദികളിലായി 15 നാടകങ്ങളുടെ 34 പ്രദർശനം അരങ്ങേറുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും നാടകോത്സവ ഡയറക്ടർ കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് രണ്ടിനാണ് നാടകോത്സവം സമാപിക്കുക. അക്കാദമിയിലെ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, കെ.ടി. മുഹമ്മമദ് റീജനൽ തിയറ്റർ, ആക്ടർ മുരളി തിയറ്റർ എന്നിവയും രാമനിലയം കാമ്പസ്, അക്കാദമി അങ്കണം എന്നിവയുമാണ് വേദിയാവുക.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമ-നാടക അഭിനേതാവ് നാസർ മുഖ്യാതിഥിയായിരിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ പങ്കെടുക്കും. വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററിൽ ഗിരീഷ് കർണാടകിന്‍റെ ‘ഹയവദന’യാണ് ഉദ്ഘാടന അവതരണം. വൈകീട്ട് മൂന്നിന് ബ്ലാക്ക് ബോക്സിൽ ‘അറേബ്യൻ നൈറ്റ്സിനെ അധികരിച്ച് ‘ദി നൈറ്റ്സ്’ എന്ന പാവകളി നാടകം അരങ്ങേറും. രാത്രി ഒമ്പതിന് അക്കാദമിക്ക് മുന്നിൽ ‘ഗൗളി’ ബാൻഡിന്‍റെ സംഗീതനിശയുണ്ട്. ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം ഒരുക്കുന്നത്. ഇന്ത്യൻ നാടകങ്ങൾക്കു പുറമെ ഈജിപ്ത്, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് നാടകസംഘങ്ങൾ എത്തുന്നുണ്ട്. ഡൽഹി, ബംഗളൂരു, മണിപ്പൂർ, ഗുജറാത്ത്, അസം, മുംബൈ എന്നിവിടങ്ങളിൽനിന്നും കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള ഓരോ സംഘങ്ങളും നാടകോത്സവത്തിന്‍റെ ഭാഗമാകും. പാനൽ ചർച്ചകൾ, ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായി മുഖാമുഖം, സംഗീത-നൃത്ത നിശകൾ എന്നീ അനുബന്ധ പരിപാടികളുമുണ്ട്. മാർച്ച് രണ്ടു വരെ രാമനിലയം കാമ്പസിലെ ‘ഫാവോസ്’ (ഫ്രം ആഷസ് ടു ദി സ്കൈ) വേദിയിൽ രാവിലെ 11.30ന് ആർട്ടിസ്റ്റുകളുമായി മുഖാമുഖവും വ്യത്യസ്ത ദിവസങ്ങളിൽ ചർച്ചകളുമുണ്ട്. രാവിലെ ഒമ്പതിന് തുറക്കുന്ന കൗണ്ടറിൽനിന്ന് അന്നേ ദിവസത്തെ എല്ലാ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ വിതരണം ചെയ്യും. ബാക്കി ഓരോ നാടകത്തിന്‍റെയും ഒരു മണിക്കൂർ മുമ്പ് ലഭിക്കും. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി എടുത്തവർക്ക് മെയിലായി ലഭിച്ച ടിക്കറ്റിന്‍റെ ക്യു.ആർ കോഡ് തിയറ്ററിന്‍റെ പ്രവേശനകവാടത്തിൽ സ്കാൻ ചെയ്തോ ടിക്കറ്റ് പ്രിന്‍റ് എടുത്തോ നാടകം കാണാം. ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റ് കൗണ്ടറിൽ കിട്ടും. ആദിവാസി ഭക്ഷണ വിഭവങ്ങൾ അടക്കം കിട്ടുന്ന ഫുഡ് കോർട്ടുമുണ്ട്.
വാർത്തസമ്മേളനത്തിൽ ഇറ്റ്ഫോക്കേ് കോഓഡിനേറ്റർ ജലീൽ ടി. കുന്നത്ത്, അക്കാദമി അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് എം.ബി. ശുഭ, പ്രോഗ്രാം ഓഫിസർ വി.കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തുന്നത്തെ നാടകങ്ങൾ ദി നൈറ്റ്സ് (ബ്ലാക്ക് ബോക്സ് -3.00) ഭാഗ്യവും സ്നേഹവുംകൊണ്ട് മാത്രം ജീവിതം നയിക്കപ്പെടുന്ന ഒരു കള്ളനെക്കുറിച്ചും തന്‍റെ ഉടമക്കും അയാളുടെ ശത്രുവിനും ഇടയിൽ അകപ്പെടുന്ന അടിമ പെൺകുട്ടിയെക്കുറിച്ചും രക്ഷ തേടുന്ന ഒരു രാജകുമാരിയെക്കുറിച്ചുമുള്ള കഥകളാണ് ദി നൈറ്റ്സിന്റെ ഇതിവൃത്തം. ‘ആയിരത്തൊന്ന് രാത്രി’കളിൽ കഥ പറഞ്ഞുപറഞ്ഞ് അതിജീവിക്കാനും സാക്ഷിയാകാനുമുള്ള ഒരുവളുടെ ശ്രമമാണ് അരങ്ങിലെത്തുക. ഹയവദന (ആക്ടർ മുരളി തിയറ്റർ -7.30) പരമ്പരാഗത ഇന്ത്യൻ നാടകസങ്കേതങ്ങൾ ഉപയോഗിച്ച് സ്വത്വം, സത്ത തുടങ്ങിയ ആധുനിക ചോദ്യങ്ങളെ ഇഴകീറി പരിശോധിക്കുന്നതാണ് ആധുനിക ക്ലാസിക്കായ ഗിരീഷ് കർണാട്ടിന്റെ ‘ഹയവദന’.നീലം മാൻ സിങ് അവതരിപ്പിക്കുന്ന ഹയവദനപുരാണങ്ങളും നാടോടിക്കഥകളും പാട്ടും സംസാരവും നർമവും ശോകവും പ്രണയവും അസൂയയും പ്രതീക്ഷയും നിരാശയും സമന്വയിപ്പിക്കുന്ന മികച്ച നാടകാനുഭവമാണ്