മുറ്റിച്ചൂർ: സെൻറ് പീറ്റേഴ്സ് പള്ളിയിൽ കൃഷി ചെയ്ത തണ്ണിമത്തൻ കൃഷിക്ക് നൂറുമേനി വിളവ്. വിളവെടുപ്പ് മഹോത്സവം ഞായറാഴ്ച രാവിലത്തെ വിശുദ്ധ ബലിയ്ക്കുശേഷം വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. കുരിശ് പള്ളിയിലെ ഒന്നരയേക്കർ കൃഷിയടത്തിലാണ് തണ്ണിമത്തൻ കൃഷി. രുചികരവും പോഷക സമ്പുഷ്ടവുമായ മുക്കാസ ഇനത്തിലുള്ള തണ്ണിമത്തനാണ് ഇവിടെ കൃഷി ചെയ്തത്. മൂന്ന് ടൺ തണ്ണിമത്തനാണ് ഇവിടെ നിന്നും വിളവെടുത്തത്. കൃഷിയോട് അതീവ താല്പര്യം ഉള്ള ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്വത്തിൽ അസി.വികാരി ഫാ. ജോഫിൻ, വിൻസൺ പുലിക്കോട്ടിൽ, കൈക്കാരന്മാരായ സി.സി. ജോസഫ്, സി.ജെ.വിൻസെൻ്റ് തുടങ്ങിയവരുടെ പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ മികച്ച വിളവും ഇടവകയിലെ ജനങ്ങളുടെ സഹകരണവും പ്രതികൂല സഹാചര്യങ്ങളെ അവഗണിച്ച് വീണ്ടും കൃഷി ഇറക്കുന്നതിന് പേത്സാഹനമായെന്ന് ഫാ. ജോസഫ് മുരിങ്ങാത്തേരി പറഞ്ഞു.