ആറാട്ടുപുഴ: ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ശിവരാത്രി പുരസ്ക്കാരം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്തെ സെക്രട്ടറി ആയിരുന്ന മാങ്ങാറി ശിവദാസന് സമർപ്പിക്കും. ക്യാഷ് അവാർഡും കീർത്തി മുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഫെബ്രുവരി 26ന് വൈകുന്നേരം 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനുവേണ്ടി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി 2023 ൽ ശ്രീശാസ്താ പുരസ്കാരം നൽകി ശിവദാസനെ ആദരിച്ചിട്ടുണ്ട്. 1994 ൽ സമിതിയുടെ ജോയിന്റ് സെക്രട്ടറി ആയാണ് ശിവദാസൻ ക്ഷേത്ര പ്രവർത്തനങ്ങളിലേക്കെത്തുന്നത്. തുടർന്ന് 1995 മുതൽ 2016 വരെ 22 വർഷം ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറി ആയിരുന്നു. 2017 – 19 വരെ പ്രസിഡന്റായും 2020-22 വരെ ട്രഷററായും പ്രവർത്തിച്ചു. 1995 മുതൽ 2022 വരെ പല ഘട്ടങ്ങളിലായി സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും ശിവദാസനാണ്. ആറാട്ടുപുഴ ക്ഷേത്രത്തിലെ നിറസാന്നിദ്ധ്യമായിരുന്ന ശിവദാസൻ സമാനതകളില്ലാത്ത നിസ്വാർത്ഥ സേവകനാണ്. ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഒട്ടനവധി പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തന ശൈലി മാതൃകാപരമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ആറാട്ടുപുഴ മുല്ലപ്പിള്ളി രാമൻ നായരുടേയും മാങ്ങാറി ഭാർഗ്ഗവി അമ്മയുടേയും മകനായി ജനനം. പഠനത്തിനു ശേഷം ജോലി തേടി കേരളത്തിന് പുറത്തേക്ക് പോയ ശിവദാസൻ താൽക്കാലിക ജോലികൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് & കസ്റ്റംസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ച ശിവദാസൻ 1993 ൽ കേരളത്തിലെത്തി. കൊച്ചി, തിരുവനന്തപുരം അന്തർദ്ദേശീയ വിമാന താവളങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2014 ൽ കസ്റ്റംസ് & എക്സൈസ് ഓഫീസിന്റെ തൃശ്ശൂർ ഓഫീസിൽ നിന്നും ഇൻസ്പെക്ടർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തിൽ തന്നെയായിരുന്നു മുഴുനീള സേവനം. പൂരകാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് അദ്ദേഹം ക്ഷേത്രത്തിൽ സേവനം നടത്തിയിരുന്നത്. സ്നേഹസമ്പന്നനായ ശിവദാസന്റെ പെരുമാറ്റത്തിലുള്ള ലാളിത്യം എല്ലാവർക്കും ഒരു പ്രേരകശക്തിയായിരുന്നു. കരുവന്നൂർ കുണ്ടൂര് വീട്ടിൽ സീതയാണ് ഭാര്യ.
മക്കൾ : സുഹാസ് , സുജിത്ത്