മുല്ലശ്ശേരി: തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ജലാശയത്തിൽ കാർപ്പ് വിത്ത് നിക്ഷേപം പദ്ധതി പ്രകാരമാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങളാൽ നശിച്ചു കൊണ്ടിരിക്കുന്ന ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക, മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് രണ്ടേകാൽ (2.25) ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പുല്ലൂർ കടവിൽ നിക്ഷേപിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീദേവി, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാൻസിസ്, ടി.ജി പ്രവീൺ, സജിത്ത് എൻ.എസ്, സുനീതി അരുൺ കുമാർ എന്നിവർ സംസാരിച്ചു.