വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസഹസ്ര നാമം ശിവപഞ്ചാക്ഷരി സംഗീതാർച്ചന അരങ്ങേറി. മാനവ് സംഗീത വിദ്യാലയത്തിലെ അംഗങ്ങൾ ചേർന്നാണ് ശിവസ്തുതികൾ ആലാപിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ കിഴക്കുംപുറം ശിവദം എൻഎസ്എസ്, വെളുത്തൂർ ശ്രീരുദ്ര എൻഎസ്എസ്, മനക്കൊടി നാദകലാക്ഷേത്രം, തൃശൂർ സദ്ഗമയ എന്നിവരുടെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി. ദീപാരാധനക്ക് ശേഷം മഹാദേവന് ഇളനീരാട്ടം, ഭസ്മാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവ നടന്നു. രാവിലെ അഖണ്ഡനാമ ജപവും മഹാദേവന് 108 കുടം ധാരയും അഭിഷേകം നടത്തി. നമ്പോർക്കാവിലമ്മയുടെ പാർശ്വഭാഗത്തുള്ള മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു.