വെങ്കിടങ്ങ്: ശക്തമായ വേലിയേറ്റത്തിൽ ഇടിയഞ്ചിറ റെഗുലേറ്റർ നിർമ്മാണത്തിനായി പടിഞ്ഞാറ് ഭാഗത്തായി പുതുതായി നിർമ്മിച്ച താൽക്കാലിക ബണ്ട് തകർന്നു. ബുധനാഴ്ച രാത്രി 12 മണിക്കാണ് ശക്തമായ വേലിയേറ്റത്തിൽ ബണ്ട് തകർന്നത്. നിർമ്മാണ മേഖലയിലേക്ക് വെള്ളം കയറി. 35 മീറ്റർ നീളത്തിൽ ഇന്നലെ കോൺക്രീറ്റ് ചെയ്ത ഭാഗം ഉൾപ്പെടെയാണ് വെള്ളം കയറിയിട്ടുള്ളത്. 98 മീറ്ററാണ് കോൺക്രീറ്റ് ചെയ്യേണ്ടത്. നിർമ്മാണത്തിന് കൊണ്ടുവന്ന ജെസിബിയും, ഏതാനും ഉപകരണങ്ങൾ വെള്ളത്തിനടിയിലായി. റെഗുലേറ്ററിന് കിഴക്കും, പടിഞ്ഞാറ് ഭാഗം വെള്ളം വറ്റിച്ചാണ് പണി നടന്നിരുന്നത്. ഫേസ് കനാലിലേക്ക് ഇത് ബാധിക്കില്ല. അടിയന്തരമായി ബണ്ട് ദൃഢപ്പെടുത്തി വെള്ളം വറ്റിച്ച് റഗുലേറ്റർ നവീകരണം ഉടൻ തുടങ്ങുമെന്ന് മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. മനോഹരൻ, മുൻ ബ്ലോക്ക് അംഗവും സിപിഐഎം വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ കെ.എ. ബാലകൃഷ്ണൻ, ഓവർസിയർ ഗോപിക എന്നിവരും സ്ഥലത്തെത്തിയിരുന്നു.