തൃശൂര്‍: നിർമിതബുദ്ധി, തൊഴിൽ, മാലിന്യസംസ്കരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്, കാര്‍ഷികം, മൃഗ സംരക്ഷണം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നൽ നൽകുന്ന ജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അവതരിപ്പിച്ചു. 80,18,404 രൂപയാണ് മുൻവർഷ നീക്കിയിരിപ്പ്. ഇതുൾപ്പെടെ 1,30,70,70,764 രൂപയുടെ വരവും 1,29,58,40,220 രൂപ ചെലവും 1,12,30,544 രൂപ നീക്കിയിരിപ്പുമാണ് 2025-‘26 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാറിന്റെ അനുമതിയോടെ സ്റ്റാര്‍ട്ട് അപ് മിഷനുമായി യോജിച്ച് വിജ്ഞാന് സാഗറിന്റെ ഭൂമിയില്‍ റോബോ പാര്‍ക്ക് പദ്ധതി നടപ്പാക്കും. ലൈഫ് ഭവന പദ്ധതിക്ക് 20 കോടിയും വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കി വരുന്ന ‘സമേതം’ പദ്ധതിക്ക് 10 ലക്ഷവും കാന്‍സര്‍ വിമുക്ത തൃശൂരിനായി ആവിഷ്കരിച്ച കാന്‍ തൃശൂരിന് 50 ലക്ഷവും വകയിരുത്തി. ആരോഗ്യമേഖലക്ക് ആകെ കോടി രൂപയാണ് നീക്കിയിരിപ്പ്. വയോജന ക്ഷേമത്തിനുള്ള ‘സുശാന്തം’, ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ‘ശുഭാപ്തി’ എന്നിവക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി അഞ്ച് കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിന് 18 കോടി, റോഡ് പരിപാലനത്തിന് ഒമ്പത് കോടി, കുടിവെള്ളക്ഷാമ പരിഹാരത്തിന് രണ്ട് കോടി, സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗ സമത്വ പദ്ധതികള്‍ക്കും ഒരു കോടി, ജില്ലയിലെ വാണിജ്യ വിളകളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
നെല്‍കൃഷി കൂലി ചെലവ് സബ്സിഡി നൽകാൻ 2.10 കോടി രൂപ നീക്കിവെച്ചു. കൃഷി നടത്തിപ്പിനുള്ള അടിസ്ഥാന സൗകര്യ വര്‍ധന, പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റ് വിതരണം എന്നിവക്ക് 1.30 കോടി രൂപയാണ് നീക്കിയിരിപ്പ്. തീരദേശ മത്സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താൻ 60 ലക്ഷവും കന്നുകാലികളുടെ വന്ധ്യത നിവാരണത്തിന് 25 ലക്ഷവും പാലിന് സബ്സിഡി നല്കാൻ 1.75 കോടി രൂപയും വകയിരുത്തി. തൃശൂര്‍ പൂരം പ്രദർശനം, വിവിധ സ്ഥലങ്ങളിലെ ജലോത്സവങ്ങള്‍, ജില്ല കേരളോത്സവം എന്നിവക്ക് 25 ലക്ഷവും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടശ്ശാങ്കടവ് ജലോത്സവം നടത്താനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. അംഗൻവാടികളിലൂടെ ശിശുക്കള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷക സമൃദ്ധമായ ആഹാരം നല്കാൻ 2.5 കോടി നീക്കിവെച്ചു. അംഗൻവാടികളുടെ അറ്റുകുറ്റപ്പണികള്‍ക്കും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ഒരു കോടിയാണ് വിഹിതം. ലഹരി വസ്തുക്കൾക്കെതിരെ കുട്ടികളെ ബോധവത്കരിക്കാനും വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനത്തിനും ബജറ്റ് വിഹിതമുണ്ട്. ട്രാന്‍സ്ജെൻഡര്‍ വിഭാഗത്തിന് സ്വയം തൊഴില്‍ ആരംഭിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിന്റെ സര്‍വതല ഉന്നമനത്തിന് 2.5 കോടി, പട്ടികവര്‍ഗ ക്ഷേമ പദ്ധതികള്‍ക്ക് 40 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി ചെയര്മാന്മാരായ മഞ്ജുള അരുണന്, റഹിം വീട്ടിപറമ്പില്‍, പി.എം. അഹമ്മദ്, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.