തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴ എത്തി. തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം വരെ 40 മില്ലീ മീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരിൽ റോഡിലേക്കും വെള്ളം കയറിയത് ഗതാഗത കുരുക്കുണ്ടാക്കി. ശാസ്തമംഗത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടിൽ വീണ് പരുക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്. മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്. കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് വൈകുന്നരം മൂന്നരയോടെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെ.മി വീതം (ആകെ 50 സെ.മി) ഉയർത്തുമെന്ന് അറിയിച്ചു. ഡാമിന്‍റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
next post