കയ്പമംഗലം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ബംഗ്ലൂരിൽ പിടിയിൽ. ചാമക്കാല പള്ളിപ്പറമ്പിൽ വീട്ടിൽ ഷാബിത്ത് (34) ആണ് പിടിയിലായത്. കയ്പമംഗലത്ത് ഫെബ്രുവരി 13 ന് തൈപ്പൂയത്തോടനുബന്ധിച്ചുള്ള കാവടി ആഘോഷം കഴിഞ്ഞ് പുലർച്ചെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന എടത്തിരുത്തി കണ്ണംപ്പുള്ളിപ്പുറം സ്വദേശിയായ സായൂജി (21) നെ കരിങ്കല്ലുകൊണ്ട് തലയിലടിച്ചും മറ്റും ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് ഷാബിത്ത് പിടിയിലായത്, സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാബിത്തിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചത്. തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാറി ന്റെ നിർദേശാനുസരണം ബാഗ്ലൂരിലേക്ക് പുറപ്പെട്ട കയ്പമംഗലം പോലീസ് പല വേഷങ്ങളിൽ സഞ്ചരിച്ച് ഷാബിത്തിന്റെ ഒളിത്താവളം മനസിലാക്കി അവിടെ നിന്നാണ് ഷാബിത്തിനെ തന്ത്രപൂർവ്വം പിടികൂടിയത്. ഷാബിത്തിന്റെ പേരിൽ, മതിലകം, വലപ്പാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രക്കേസും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് 2 കേസും, 5 അടിപിടിക്കേസും, കഞ്ചാവ് കൈവശം വച്ചതിന് ഒരു കേസും അടക്കം 12 കേസുകളുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാബിത്തിനെ ബാഗ്ലൂരിൽ നിന്ന് കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു. സബ് ഇൻസ്പെക്ടർ സൂരജ്, ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, സി.കെ.ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്