ചാവക്കാട്: കേരളോത്സവത്തിൽ കലാമത്സരങ്ങളുമായി ബന്ധപ്പെട്ട് ക്ളബ്ബുകൾ തമ്മിൽ ചാവക്കാട് ആലിപ്പിരി സെന്ററിൽ വെച്ചുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിൽ താമസിച്ചിരുന്ന സഹോദരൻമാരെ പോലീസ് പിടികൂടി. ചാവക്കാട് തിരുവത്ര ചീനിച്ചോട് ചക്കര വീട്ടിൽ ഷാഹുൽ ഹമീദ് മകൻ മുഹമ്മദ് ഫയാസ്(23), സഹോദരൻ മുഹമ്മദ് തസൽ(21)എന്നിവരെ ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 11 -നാണ് കേസിനാസ്പദമായ സംഭവം. കേരളോത്സവത്തിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകൾ തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതികളെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ, എസ്ഐമാരായ ടി.എസ്.അനുരാജ്, വിഷ്ണു എസ്.നായർ, എഎസ്ഐ അൻവർ സാദത്ത്, സിപിഒമാരായ ഇ.കെ.ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, പ്രദീപ്, ജി.അനീഷ്, റോബിൻസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.