വാടാനപ്പള്ളി: ദേശീയ പാത ചേറ്റുവയിൽ ബൈക്കിലെത്തിയ യുവാവ് സ്വകാര്യ ബസ് തടഞ്ഞു നിർത്തി ചില്ല് അടിച്ചു തകർത്തു. ചില്ല് തെറിച്ച് വീണ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഡ്രൈവർ മതിലകം സ്വദേശി ഉണ്ണിയാം പാട്ട് ഷിയാസ് (44), കണ്ടക്ടർ പുതിയകാവ് വെളുത്ത പുരക്കൽ ബാബു(39) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന അലീനാസ് ബസിന് നേരെയാണ് ചേറ്റുവയിൽ വെച്ച് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 7.30 യോടെയാണ് സംഭവം. ഗുരുവായൂരിൽ നിന്നും യാത്രക്കാരുമായി വന്നിരുന്ന ബസ് ചേറ്റുവ എം ഇ എസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ അസഭ്യം പറയുകയും കല്ല് ഉപയോഗിച്ച് ചില്ല് തകർക്കുക യായിരുന്നു. ഇതോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഭീതിയിലായി. സംഭവത്തിന് ശേഷം യുവാവ് സർവ്വീസ് റോഡ് വഴി ബൈക്കിൽ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.