ചേർപ്പ്: ചാഴൂർ, അന്തിക്കാട് പഞ്ചായത്തുകൾക്കിടയിലുള്ള കോവിലകം നെൽപാടത്ത് വൻകൃഷി നാശം. നെൽകതിരുകൾ വ്യാപകമായി പതിരാവുകയാണ്. നെൽ ചെടികൾ കതിരിടുന്നില്ല. വെള്ള കതിർ, തുണ്ടുതുരപ്പൻ, ലീഫ് ബ്ലാറ്റ്സ് രോഗങ്ങൾ കൂട്ടമായി നെൽ ചെടികളെ ബാധിച്ചു. 470 ഏക്കറോളം വരുന്ന പാടശേഖരത്ത് രോഗ ബാധയുണ്ട്. കഴിഞ്ഞ വർഷം കോവിലകം പാടശേഖരത്തിൽ വ്യാപകമായി ബാക്ടീരിയ ബാധിച്ച് നെൽകൃഷി നശിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ ഈ വർഷം കൃഷി ഇറക്കിയവർ പരിഭ്രാന്തിയിലാണ്. സമീപത്തെ പാടശേഖരങ്ങളിലേക്കും രോഗം വ്യാപിക്കുന്നുണ്ട്. അത്യുഷ്ണം രോഗം പരക്കാൻ കാരണമാകുന്നുണ്ട്. കൃഷി വകുപ്പും കാർഷിക വിദഗ്ധരും അടിയന്തരമായി ഇടപെടണമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പാടശേഖരം സന്ദർശിച്ച കർഷക സംഘം ജില്ല പ്രസിഡന്റ് പി.ആർ. വർഗീസ് ആവശ്യപ്പെട്ടു. ജോയന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി എന്നിവർ പാടശേഖരം സന്ദർശിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, സി.പി.എം ചേർപ്പ് ഏരിയ കമ്മിറ്റി അംഗം കെ.ആർ. പ്രജിത്ത്, ചാഴൂർ ലോക്കൽ സെക്രട്ടറി കെ. ഗോപി, കർഷക സംഘം ചാഴൂർ വില്ലേജ് സെക്രട്ടറി ടി.ബി. വിനോദ്, കോവിലകം പാടശേഖരം സെക്രട്ടറി ടി.കെ. മുരളി, എൻ.ആർ. സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
previous post