തൃപ്രയാർ: തൃപ്രയാർ-ചേർപ്പ് സംസ്ഥാനപാതയിൽ യാത്ര ദുരിതം. ചിറക്കൽ മുതൽ പടിഞ്ഞാറോട്ട് റോഡ് തകർന്നിട്ട് അധികൃതർക്ക് ഒരു കുലുക്കവുമില്ല. പാലം നിർമാണം നടക്കുന്ന ചിറക്കലിൽ താൽക്കാലിക ബണ്ട് റോഡിൽ നിറയെ കുഴികളാണ്. ഇരുച്ചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ഇവിടെ അപകടത്തിലാണ്. പൈപ്പിടാൻ പൊളിച്ച് തകർന്നു കുഴിയായി കിടക്കുന്ന സ്ഥലങ്ങളിൽ ഭാഗിക കുഴിയടക്കൽ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതും നിരപ്പല്ലാത്തതിനാൽ വാഹനങ്ങൾ ചാടിചാടിയാണ് പോകുന്നത്. ചിറക്കൽ മുതൽ പഴുവിൽ വരെ കുടിവെള്ള പൈപ്പുപൊട്ടൽ നിത്യ സംഭവമായിരിക്കുകയാണ്. പഴുവിൽ ജുമാമസ്ജിദിന് മുന്നിൽ റോഡിനു നടുവിൽ പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നത് ആഴ്ചകളായെങ്കിലും നടപടിയില്ല. Rവാഹനങ്ങൾ കയറിയിറങ്ങുമ്പോൾ റോഡ് ഇടിഞ്ഞുതാഴ്ന്ന് വൻ അപകടത്തിനു സാധ്യതയുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്ത് പൈപ്പ് തകർന്ന് വലിയ കുഴി രൂപപ്പെട്ടിരുന്നു. റോഡിന്റെ പകുതി ഭാഗം വാട്ടർ അതോറിറ്റിയും പകുതി പൊതുമരാമത്ത് വകുപ്പും പങ്കുവെച്ച് എടുത്താണ് അറ്റകുറ്റപണികൾ നടത്തിവരുന്നത്. അതിനാൽ റോഡിന്റെ നിർമാണത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്.