എളവള്ളി: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നികളെ വെട്ടി വെച്ച് കൊന്ന് എളവള്ളി പഞ്ചായത്ത്. അഞ്ച് കാട്ടു പന്നികളെയാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. ഇതോടെ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ 150 ൽ പരം കാട്ടുപന്നികളെയാണ് ഗ്രാമ പഞ്ചായത്ത് വെടിവെച്ചു കൊന്നത്. ഒട്ടേറെ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് പ്രത്യേക അനുമതി തേടിയാണ് കാട്ടുപന്നികളെ വകവരുത്തിയത്.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇടാനുള്ള അധികാരം. ഫോറസ്റ്റ് ലൈഫ് വാർഡൻമാർക്കാണ്.
സംസ്ഥാന സർക്കാർ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ഓണററി ലൈഫ് വാർഡൻമാരായി ഉയർത്തി. അതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് പന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം ലഭിച്ചത്. തോക്ക് ലൈസൻസുള്ള അഞ്ച് പേരാണ് എളവള്ളി ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടികൂടുന്ന പന്നി കളുടെ ഇറച്ചി വിൽക്കാനോ ഭക്ഷിക്കാനോ പാടില്ല. ഫിനോയിൽ, മണ്ണെണ്ണ പോലുള്ള രാസപദാർത്ഥങ്ങൾ കലർത്തി മണ്ണിട്ട് കുഴിച്ച് മൂടുകയാണ് പതിവ്. പ്രദേശത്ത് ആദ്യമായി കാട്ടുപന്നികളെ വെടിവെച്ച് കൊന്നത് എളവള്ളി ഗ്രാമ പഞ്ചായത്തിലായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത്. മൂന്നു ലക്ഷം രൂപയോളം ഇതിനായി ഗ്രാമ പഞ്ചായത്ത് ചെലവഴിച്ചു കഴിഞ്ഞു. ഒരു പന്നിയെ വെടിവെയ്ക്കാൻ ആയിരം രൂപ നൽകും. സംസ്ക്കരിക്കുന്നതായി ജെ.സി.ബിയ്ക്ക് പ്രതിദിനം രണ്ടായിരം രൂപയാണ് ചെലവ്. മൃഗശാലകളിലെ മൃഗങ്ങൾക്ക് ഭക്ഷിക്കുന്നതിനായി സൗജന്യമായി പന്നിയിറച്ചി നൽകാൻ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാരിന് എളവള്ളി ഗ്രാമ പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. അതിൻ്റെ അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി.