തളിക്കുളം: ഫാസിസത്തിനു പുതിയ വ്യാഖ്യാനം നൽകി നരേന്ദ്രമോദി സർക്കാരിനെ വെള്ള പൂശാനുള്ള സിപിഎം ശ്രമം ന്യൂനപക്ഷങ്ങൾ തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഹാറൂൺ റഷീദ്.പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മൂന്നാം ചരമ വാർഷികത്തിൽ തളിക്കുളത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പ്രസ്ഥാനത്തെയും, സമൂഹത്തെയും, അണിനിരത്തുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവാണ് ഹൈദറലി ശിഹാബ് തങ്ങൾ. ഫാസിസം രാജ്യത്ത് ഓരോ രംഗത്തും പിടിമുറുക്കുമ്പോൾ മതേതര കക്ഷികളുടെ കൂട്ടായ പോരാട്ടം അനിവാര്യമാണ്.
അത്തരം ഒരു ഘട്ടത്തിൽ സിപിഎം നയം മാറ്റം സമൂഹം തിരിച്ചറിയണം. കേന്ദ്രത്തിൽ ബിജെപി, കേരളത്തിൽ സിപിഎം എന്ന അടവ് നയം രാജ്യ താല്പര്യത്തിന് വലിയ ദോഷം ചെയ്യും. രാഷ്ട്രീയ, സാമൂഹിക രംഗത്ത് മാത്രമല്ല ആത്മീയ രംഗത്ത് പൂർണമായും തങ്ങൾ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. മഹല്ല്കൾ തോറും മജ്‌ലിസ് നൂർ ആരംഭിച്ചത് തങ്ങൾ മുൻകയ്യെടുത്തു ആയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം മഹല്ല് ഖതീബ് സി. എ. അബ്ദുൽ ലത്തീഫ് അസ്ഗരി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.ഷാർജ കെ.എം.സി.സി. നാട്ടിക മണ്ഡലം സെക്രട്ടറി ഇക്ബാൽ മുറ്റിച്ചുർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് നാട്ടിക നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.എസ് റഹ്മത്തുള്ള, വി.കെ. നാസർ, പി.എച്ച്.ഷഫീഖ്, കെ.കെ.ഹംസ, പി എ സുലൈമാൻ ഹാജി, കെ.യു താജുദ്ദീൻ, കെ.എ അബ്ദുൽഹമീദ്, പി.ബി. ഹംസ, എ. എ. അബൂബക്കർ, വി.വി. അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു.