തൃപ്രയാർ: ഭാരത സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ ധനസഹായത്തോടെ ഡി.ബി.ടി സ്റ്റാർ സ്‌കീം അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശം എന്ന വിഷയത്തിൽ നാട്ടിക ശ്രീനാരായണ കോളേജിൽ എകദിന ശില്പശാല സംഘടിപ്പിക്കും. സയൻസ് ഫൗണ്ടേഷനാണ് നേതൃത്വം നൽകുക. 12ന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് ശില്പശാല. സ്റ്റാർ സ്‌കീം കോർഡിനേറ്റർ ഡോ.ഗരിമ ഗുപ്ത, ഡോ.ആർ.രാജേന്ദ്രൻ, കോയമ്പത്തൂർ പി.എസ്.ജി വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഹാരതി പരാശുർ ബാബു, കോയമ്പത്തൂർ ആർ.വി.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.ശിവകുമാർ തുടങ്ങിയവർ ക്‌ളാസ് നയിക്കും. കേരളത്തിലെ എൺപതിലധികം കോളേജുകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി നൂറിലധികം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ശാസ്ത്രവിഷയങ്ങളുടെ അക്കാഡമികവും ഭൗതികവുമായ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. റൂറൽ എരിയാ കോളേജുകളുടെ ഈ വർഷത്തെ സ്റ്റാർ സ്‌കീം അപേക്ഷ നൽകാനുള്ള അവസാന തിയതി മാർച്ച് 31 ആണ്. ഈ സ്‌കീമിൽ ഉൾപ്പെടുന്ന കോളേജുകൾക്ക് ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി ഒരു കോടിയുടെ മുകളിൽ ഫണ്ട് ലഭിക്കുമെന്ന് നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.എസ് ജയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാട്ടിക ശ്രീനാരായണ കോളേജിൽ 2022 മുതൽ ഡി.ബി.ടി ഫണ്ട് ലഭിക്കുന്നുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഡോ.എസ്.സിനി, കെ.വൈശാഖ്, പ്രവീൺ വി.പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
next post