കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശി ഷിനിയെന്ന യുവതിയുടെ മരണം ആത്മഹത്യയല്ല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നടത്തിയ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ജില്ല സമിതിയുടെ നേതൃത്വത്തിൽ ഇസാഫ് കൊടുങ്ങല്ലൂർ ശാഖക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വീട്ടമ്മമാരെ കടക്കെണിയിൽ കുരുക്കി അപമാനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മൈക്രോ ഫൈനാൻസ് കമ്പനികളെ നിയന്ത്രിക്കണമെന്നും ബദൽ വായ്പ സംവിധാനങ്ങൾക്ക് സർക്കാർ രൂപം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷിനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായ ഇസാഫ്, ഐ.ഡി.എഫ്.സി,മാക്സ് വാല്യൂ എന്നീ ധനകാര്യ സ്ഥാപനങ്ങളിലേ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി നേതൃത്വം ആവശ്യപ്പെട്ടു. പി.എ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ പ്രശാന്ത് ഈഴവൻ, പി.എൻ. പ്രൊവിന്റ്, സുബ്രൻ എങ്ങണ്ടിയൂർ, പി.കെ. വിജയൻ, എൻ.ബി. അജിതൻ, വി.സി. ജെന്നി, പ്രവിത ഉണ്ണികൃഷ്ണൻ, പി.എ. പുഷ്കരൻ, പി.ജെ. മാനുവൽ എന്നിവർ സംസാരിച്ചു.