പുന്നയൂർക്കുളം: മന്ദലാംക്കുന്ന് കിണർ ബീച്ചിൽ പ്രവർത്തിക്കുന്ന ചകിരി സംസ്കരണ ശാലയിൽ വൻതീപ്പിടുത്തം. ഗുരുവായൂർ, പൊന്നാനിയിൽ നിന്നെത്തിയ 4 യൂണിറ്റ് അഗ്നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തേച്ചൻ പുരക്കൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ടിഎകെ സൺസ് ആഗ്രോ ഇൻഡസ്ട്രീസിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി തീപിടുത്തം ഉണ്ടായത്. സംഭവസമയം ജീവനക്കാർ ഫാക്ടറിക്ക് അരികിലുള്ള പറമ്പിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപമുള്ള ഇലക്ട്രിക് ട്രാൻസ്ഫോർമറിന് അടുത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. നിമിഷം നേരം കൊണ്ട് തീ ഒട്ടാകെ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും, ഗുരുവായൂർ പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നി ശമന യൂണിറ്റും ചേർന്ന് രണ്ട് മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.വടക്കേക്കാട് അഡീഷണൽ എസ്ഐ യൂസഫും സംഘവും സ്ഥലത്ത് എത്തിയിരുന്നു.പൊന്നാനി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അബ്ദുൽ സലിം,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ.വി.അയ്യൂബ് ഖാൻ,ഗുരുവായൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൈജു,സീനിയർ ഫയർ റസ്ക്യു ഓഫീസർ ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന ഉദ്യോഗസ്ഥരാണ് തീ അണക്കാൻ കഠിന പ്രയത്നം നടത്തിയത്.വാർഡ് മെമ്പർ ആലത്തയിൽ മൂസയുടെ നേതൃത്വത്തിൽ നൂറോളം നാട്ടുകാരും തീ അണക്കുന്നതിന് പങ്കാളികളായി.വിവിധ സ്ഥലങ്ങളിൽ നിന്ന് ചകിരികൾ കൊണ്ടുവന്ന് ഉണക്കി സംസ്കരിച്ച് ഞാരുകളാക്കി ക്ലീൻ ചെയ്ത ഫൈബറുകൾ കയറ്റി അയക്കുകയാണ് ഇവിടെ ചെയ്തിരുന്നത്.60 ടൺ ഓളം ഇത്തരത്തിൽ ക്ലീൻ ചെയ്ത ഫൈബറുകൾ കത്തിയിട്ടുണ്ട്.ചുരുങ്ങിയത് 10 ലക്ഷം രൂപയോളം നഷ്ടം വന്നതായി ഉടമ നൗഷാദ് പറഞ്ഞു.ഫാക്ടറി ജീവനക്കാരനായ ബംഗാൾ സ്വദേശി ആലംഗീറിന്(42) തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ചെറുതായി പൊള്ളൽ ഏറ്റിട്ടുണ്ട്.പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.