കൊടുങ്ങല്ലൂർ: സ്കൂട്ടറിൽ യാത്ര ചെയ്യവേ ഫൈബർ കേബിൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്കു പരിക്കേറ്റു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അരാകുളം വലിയതറ നിഖിലിന്റെ ഭാര്യ അനുപമയ്ക്കാണ് (24) കഴുത്തിനു പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30ന് കൊടുങ്ങല്ലൂർ ബൈപാസിൽ പടാകുളം അടിപ്പാത ജംക്‌ഷനു സമീപം ആയിരുന്നു അപകടം. ജോലി ആവശ്യത്തിനായി ഓഫിസിൽ നിന്നു പുറത്തു പോയ അനുപമ തിരികെ ഓഫിസിലേക്ക് വരികയായിരുന്നു. റോഡിനു കുറുകെ ഉയർന്നു കിടന്നിരുന്ന കേബിൾ അനുപമയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ അനുപമയ്ക്ക് വീഴ്ചയിലും പരിക്കേറ്റു. ഹെൽമറ്റ് ധരിച്ചതിനാൽ ദുരന്തം ഒഴിവായി. അനുപമ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ടിപ്പർ ലോറി തട്ടിയാണ് കേബിൾ പൊട്ടിയത്. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും പൊട്ടിയ കേബിൾ ആരും മാറ്റിയിട്ടില്ല. ഇൗ അപകടത്തിനു ശേഷവും ഒട്ടേറെ ബൈക്ക് യാത്രികർ അപകടത്തിൽപെട്ടു.
next post