പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 റോഡ് ബീച്ചിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത കള്ള്ഷാപ്പ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി പൂട്ടിച്ചു. കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി ഷാപ്പ് ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാപ്പ് പ്രവർത്തനം നിർത്തിയിരുന്നില്ല. തുടർന്ന് ഇന്നലെ ഉച്ചക്ക് ഒന്നിന് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത, ജെ.എസ്. ജയകുമാർ, വടക്കേക്കാട് പൊലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ യൂസഫ്, രാജൻ, നസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പ്രവർത്തനം നിർത്തിച്ച് പൂട്ടിയത്. ഷാപ്പ് പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആഹ്ലാദപ്രകടനം നടത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിലിൽ സി.പി.എം ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളായിരുന്നു. തീരമേഖലയിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പോരാട്ടം തുടരുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.