തൃപ്രയാർ: ഒട്ടനവധി കായിക താരങ്ങളെ വാർത്തെടുത്ത തീരദേശത്തിന്റെ സ്വന്തം കളിക്കളമായ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്കുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ” ഒരുപഞ്ചായത്തിൽ ഒരു കളിക്കളം” പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെയും നാട്ടിക നിയോജകമണ്ഡലം എം.എൽ.എ..സി.സി. മുകുന്ദൻ്റെഎ.ഡി.എസ്.ഫണ്ടും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നവീകരണ ഉദ്ഘാടനം 16ന് രാവില 11 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ചടങ്ങിൽ സി.സി. മുകുന്ദൻ എം എൽ എ അധ്യക്ഷതവഹിക്കും. 50 ലക്ഷം രൂപ വീതമാണ് രണ്ടു ഫണ്ടുകളും അനുവദിച്ചിട്ടുള്ളത്. ഫുട്ബോൾ കോർട്ട്, ഗാലറി,അക്രിലിക് ബാഡ്മിന്റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്സ് എന്നിവയാണ് പദ്ധതിയിൽ ഉള്ളത്. കളിക്കാർക്ക് വീഴ്ചയിൽ ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുന്നതിനായി കുഷൻ ലയർ ഫുട്ബോൾ കോർട്ട് ആണ് സജ്ജമാക്കുന്നത്. ഗ്രൗണ്ടിന്റെ കിഴക്കുഭാഗത്തായി മൂന്നു വരികൾ ഉള്ള ഗാലറിയും പദ്ധതിയിലുണ്ട്. ആറുമീറ്റർ ഉയരത്തിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ഫെൻസിങ്ങും നിർമ്മിക്കും.