പാവറട്ടി: പൊതു കെട്ടിടത്തിന്റെ ചുമരിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യമൊട്ടിച്ചതിനെ തുടർന്ന് പഞ്ചായത്ത് 7000 രൂപ പിഴ ഈടാക്കി. ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിന്റെ ചുമരിലാണ് നിറയെ പരസ്യം ഒട്ടിച്ച് വൃത്തികേടാക്കിയത്. ബസ് സ്റ്റാൻഡ് സൗന്ദര്യവൽക്കരണത്തിന് പഞ്ചായത്ത് നടപടികൾ സ്വീകരിച്ച് വരുന്നതിനിടെയാണ് പരസ്യ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായത്. സെക്രട്ടറി ഷിബുദാസ് കൊമ്മേരി നേരിട്ടെത്തിയാണ് പിഴ ഈടാക്കിയത്. മാലിന്യ സംസ്കരണ ക്യാംപെയ്ൻ പ്രവർത്തനങ്ങളുടെ ഭാഗമായി വിവര വിജ്ഞാന വിനിമയ ബോർഡുകൾ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സ്ഥാപിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ലൈസൻസ് ഇല്ലാതെയും പരിസര ശുചിത്വം പാലിക്കാതെയും കച്ചവടം നടത്തുന്നവർക്കെതിരെയും അനധികൃത പരസ്യ ബോർഡുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.