തൃപ്രയാർ: പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് നടത്തേണ്ട ആവശ്യമായ നടപടിക്രമങ്ങൾ ഒന്നും നടത്താതെ ഒരു വീണ്ടുവിചാരമില്ലാതെ നിലവിലെ ബസ്റ്റാൻഡ് പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്നും വാക്ക് ഔട്ട് നടത്തി. ബസ്റ്റാൻഡ് നിർമ്മാണത്തിന് ലഭിക്കുന്ന സർക്കാർ ഫണ്ടിനെ കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന് ഒരു ധാരണയുമില്ല, ബസ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി പോലും ലഭ്യമായിട്ടില്ല,തുടക്കം കുറിക്കാൻ പോലും കഴിയാത്ത പദ്ധതിയുടെ പേര് പറഞ്ഞ് സിപിഎം പഞ്ചായത്ത് ഭരണ സമിതി ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ആണെന്ന് യുഡിഎഫ് അംഗങ്ങൾ വാക്കൗട്ട് നടത്തിക്കൊണ്ടു പറഞ്ഞു,നിലവിൽ ഉണ്ടായിരുന്ന ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും നല്ല വാടക ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിലേക്ക് ലഭിച്ചിരുന്നു, ഇപ്പോൾ ആ വാടക കൂടി മുട്ടിച്ചിരിക്കുകയാണ് സിപിഎം പഞ്ചായത്ത് ഭരണ സമിതിയെന്നും ബസ്റ്റാന്റിൽ ഉണ്ടായിരുന്ന ടോയ്ലറ്റ് പൊളിച്ചത് മൂലം വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും നാട്ടുകാർക്കും മറ്റു തൊഴിലാളികൾക്കും വളരെയേറെ ബുദ്ധിമുട്ടാണ് പഞ്ചായത്ത് ഉണ്ടാക്കിയതെന്നും വാക്ക് ഔട്ട് നടത്തിയ അംഗങ്ങളായ പി വിനു, ശ്രീദേവി മാധവൻ, ബിന്ദു പ്രദീപ്, സി.എസ് മണികണ്ഠൻ, കെ ആർ ദാസൻ, റസീന ഖാലിദ് എന്നിവർ പറഞ്ഞു.