തളിക്കുളം: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകളും, പൊളിഞ്ഞ റോഡുകളും റീ ടാറിങ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ വാഴ നാട്ടും റീത്ത് വെച്ചും പ്രതിഷേധിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡുകളിൽ ഒന്നാണ് പതിമൂന്നാം വാർഡ് വാർഡിലെ മുഴുവൻ റോഡുകളും പൊളിഞ്ഞു റീ ടാറിങ് ചെയ്യേണ്ട അവസ്ഥയിലാണ്. പക്ഷെ റോഡുകൾ ടാറിങ് പൂർത്തിയാക്കുന്നതിന് യഥാസമയം ഫണ്ട് നൽകാതെയും ഫണ്ട് അനുവദിച്ച റോഡിന്റെ ടെണ്ടർ നടപടി പൂർത്തിയാക്കി ടാറിങ് ചെയ്യുന്നതിന് കാല താമസം ഉണ്ടാക്കിയും വാർഡിനെ അവഗണിക്കുകയാണെന്ന് പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ പറഞ്ഞു. വാർഡിൽ ഉൾപ്പെട്ട തളിക്കുളങ്ങര പൂരത്തിനും, കുന്നത്ത് പള്ളി റാത്തീബിനും മുൻപ് പൊളിച്ച ഭാഗങ്ങൾ ടാറിങ് ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് പറഞ്ഞിരുന്നതാണ്. പക്ഷെ ഇപ്പോഴും ആ പ്രാദേശങ്ങളിലെ റോഡുകൾ പൊളിഞ്ഞു കിടക്കുകയാണ്. പഞ്ചായത്തിന്റെ തെറ്റായ നയങ്ങൾ ചൂണ്ടി കാണിക്കുന്ന പഞ്ചായത്ത് മെമ്പർ എന്ന നിലയിലാണ് ഞാൻ മെമ്പറായ വാർഡിനെ അവഗണിക്കുന്നതെന്നും ജീജ രാധാകൃഷ്ണൻ പറഞ്ഞു. ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകളിൽ ഒരു റോഡിന്റെ സൈഡ് മാത്രമാണ് ഈ കാലയളവിൽ ടാറിങ് ചെയ്തത്. വലിയ രണ്ട് അപകടങ്ങൾ നടന്നു ചെറിയൊരു കുട്ടിക്ക് റോഡിലെ കുഴി മൂലം വലിയ അപകടം നടന്നിട്ടും പഞ്ചായത്ത് അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ശശിധരൻ വാത്താട്ട് അധ്യക്ഷനായ പ്രതിഷേധ പരിപാടി വാർഡ് മെമ്പർ ജീജ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ അബ്‌ദുൾ കാദർ, നീതു പ്രേം ലാൽ, എൻ.മദന മോഹനൻ, പി.എസ് സുൽഫിക്കർ, ആർ.എം സക്കരിയ്യ, ധർമജൻ വല്ലത്ത്, കെ.എ സൈനുദ്ധീൻ, എ വിജയ ലക്ഷ്മി, സി.എ അഫ്സൽ, സിമി അനോഷ്, ശങ്കര നാരായണൻ, അഷ്‌റഫ് കീഴ്വാലി പറമ്പിൽ, ബഷീർ പോക്കാക്കില്ലത്ത്, അൻഷാദ് കുളങ്ങരകത്ത്, ബിന്ദു രാജു, സിന്ധു വിജീഷ്,ലീല മോഹനൻ, താഹിറ ഉമ്മർ, തുടങ്ങിയവർ സംസാരിച്ചു.
next post