തൃപ്രയാർ: നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്കും സെവൻസ് ഫുട്ബോൾ ടർഫും മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥികളായ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ, ദേശീയ മെഡൽ ജേതാക്കളായ പി.ഡി. അഞ്ജലി, പി.എ. അതുല്യ എന്നിവരടക്കമുള്ള കായിക താരങ്ങളെയും പരിശീലകൻ വി.വി. കണ്ണനെയും മേജർ സുബേദാർ ലയേഷ് കാരേപ്പറമ്പിലിനെയും ചടങ്ങിൽ ആദരിച്ചു. 3 കോടി രൂപ ചെലവഴിച്ചാണ് ട്രാക്കും ടർഫും നിർമിച്ചത്. 8 ലൈനുള്ള 200 മീറ്റർ ട്രാക്കാണുള്ളത്. കായിക താരങ്ങൾക്കു വസ്ത്രം മാറാനുള്ള മുറിയും ശുചിമുറി സൗകര്യവും . പമ്പ് ഹൗസ്, തുള്ളിനന (സ്പ്രിൻക്ലർ), ലൈറ്റുകൾ എന്നിവയും ഇതോടൊപ്പം നിർമിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കാണ് സ്കൂൾ ഗ്രൗണ്ടിൽ ഒരുങ്ങിയത്. ആദ്യത്തേത് കുന്നംകുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയർ ഗ്രൗണ്ടിലാണ്. കേരള സ്പോർട്സ് ഫൗണ്ടേഷനായിരുന്നു നിർമാണച്ചുമതല.