തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ബജറ്റിൽ ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജ് പദ്ധതിക്ക് മുൻഗണന. സ്കൂൾ കുട്ടികൾക്ക് പ്രാതൽ, സമ്പൂർണ ഭവന പദ്ധതി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിയ ബജറ്റ് വൈസ് പ്രസിഡന്റ് രജനി ബാബു അവതരിപ്പിച്ചു. പ്രസിഡന്റ് എം.ആർ.ദിനേശൻ അധ്യക്ഷത വഹിച്ചു. സമ്പൂർണ ഭവന നിർമാണം 3.40 കോടി, ശുദ്ധജലം 95 ലക്ഷം, മാലിന്യ നിർമാർജനം 62 ലക്ഷം, അടിസ്ഥാനസൗകര്യ വികസനം, കൃഷി, മൃഗസംരക്ഷണം, ആരോഗ്യമേഖല, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, വിദ്യാഭ്യാസം, ടൂറിസം, വയോജനം, ഭിന്നശേഷി ക്ഷേമം എന്നിവയ്ക്കും വകയിരുത്തിയിട്ടുണ്ട്.