തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും അനീമിയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വനിതകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രക്തപരിശോധന നടത്തി ഹീമോ ഗ്ലോബിൻ കുറവുള്ളവരെ കണ്ടെത്തി അവർക്ക് പോഷകാഹാര കിറ്റ് വിതരണ പദ്ധതിയും തുടർന്ന് പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട വനിതകൾക്കും, ജനറൽ വിഭാഗത്തിൽ പെട്ട വനിതകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി രക്തപരിശോധനക്ക് 2 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർ ഐ. എസ്. അനിൽകുമാർ, സന്ധ്യ മനോഹരൻ, മെഡിക്കൽ ഓഫീസർ ഡോ.അബീന, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് മുജീബ്, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. സിനി എന്നിവർ സംസാരിച്ചു. ജെഎച്ച്ഐ സബീന, എസ്പിമാരായ വിശാൽ, ക്രിസ്റ്റി, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.