വെങ്കിടങ്ങ്: തെരുവുനായ കുറുകെ ചാടിയുണ്ടായ വാഹനാപകടത്തിൽ ഒന്നര വർഷമായി അബോധാവസ്ഥയിൽ കഴിയുകയാണ് യുവാവ്. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മേച്ചേരിപ്പടി പഞ്ചായത്തിന്റെ പൊതുശ്മശാനം റോഡിന് സമീപം പുതുവീട്ടിൽ പരേതനായ മൂസയുടെയും മൈമൂനയുടെയും മകനായ ഷഹീറിനാണ് (42) ഇൗ ദുർഗതി. പകൽ സമയം പെയ്ന്റിങ് തൊഴിൽ ചെയ്തിരുന്ന ഷഹീർ രാത്രി ഇഡലി, നൂൽപുട്ട് തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ തയാറാക്കി പുലരും മുൻപേ ഹോട്ടലുകളിലെത്തിക്കും. ഇതിന് ഭാര്യ സീന സഹായിക്കുമായിരുന്നു. ഇങ്ങനെയാണ് ഉമ്മയും ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോന്നത്. 2023 സെപ്റ്റംബർ 11നാണ് അപകടം നടന്നത്. ഭക്ഷണ സാധനങ്ങളുമായി മുല്ലശേരി, പൂവ്വത്തൂർ ഭാഗങ്ങളിലേക്ക് പുറപ്പെട്ട ഷഹീറിന്റെ ബൈക്കിന് മുന്നിലേക്ക് പറമ്പൻതളി നടയിൽ തെരുവുനായ കുരച്ച് ചാടി. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ടു റോഡിലേക്ക് തെന്നി വീണു പരുക്കേറ്റ ഷഹീറിന് ഇന്നും അബോധാവസ്ഥയിലാണ്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും യാതൊരു മാറ്റവുമില്ല. നൂതന ചികിത്സ തുടർന്നാൽ ഒരുപക്ഷേ ഷഹീറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കുടുംബത്തെ സഹായിക്കാൻ വി.അബ്ദുൽ റഹ്മാൻ (രക്ഷാധികാരി), അഷറഫ് റസാഖിയ (കൺവീനർ), വാർഡംഗം ആർ.വി.മൊയ്നുദീൻ (എക്സിക്യൂട്ടീവ് അംഗം) ഭാരവാഹികളായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഷഹീറിന്റെ ഭാര്യ സീന, മാതാവ് മൈമൂന, കൺവീനർ അഷറഫ് റസാഖിയ എന്നിവരുടെ പേരിൽ കേരള ബാങ്ക് വെങ്കിടങ്ങ് ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: ടി.ഐ.സീന, 151612301204392. ഐഎഫ്എസ് കോഡ്: KSBK0001516. MICR കോഡ്: 680177516. വിലാസം: ഷഹീർ പുതുവീട്ടിൽ, S/O മൂസ, പുതുവീട്ടിൽ വീട്, മേച്ചേരിപ്പടി, പി.ഒ.വെങ്കിടങ്ങ്.