വാടാനപ്പള്ളി: ജാബിറിന്റെ ഓട്ടോയിലെ മടക്കയാത്ര തുക ഇത്തവണ സഗീറിന്റെ ചികിത്സക്ക്. തൃത്തല്ലൂർ സെന്ററിലെ ഓട്ടോ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ജാബിർ ഓട്ടോയിലെ കഴിഞ്ഞ ആറു മാസത്തെ മടക്കയാത്രയിലെ തുക ചികിത്സാ സഹായത്തിനായി കൈമാറി. തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് കരൂപ്പടന്ന പള്ളിനട അന്നിക്കരയിൽ താമസിക്കുന്ന പുളിമൂട്ടിൽ സഗീറിന് അർബുദം ബാധിച്ച് ഒരു വൃക്ക മാറ്റി വെച്ചെങ്കിലും ശ്വാസകോശത്തിലേക്ക് അർബുദം ബാധിച്ചിരിക്കുകയാണ്. ഇമ്മ്യൂണോ തെറപ്പി ഉൾപ്പെടെ ചികിത്സക്ക് 25 ലക്ഷം സമാഹരിക്കുന്നതിലേക്കാണ് ജാബിറിന്റെ ഓട്ടോറിക്ഷയിലെ മടക്കയാത്ര തുക സഗീർ ചികിത്സാ സഹായ കമ്മിറ്റിക്കായി മുൻ എം.പി ടി.എൻ. പ്രതാപന് കൈമാറിയത്. എ.എ. ജാഫർ, കെ.എസ്. ദീപൻ, മുഹമ്മദ് സാബിർ, റിനാസ്, വാലത്ത് പ്രതാപൻ, തൃത്തല്ലൂർ യു.പി സ്കൂൾ പ്രധാനാധ്യാപിക കെ.ജി. റാണി, ഡോ. പി.ഡി. സുരേഷ് എന്നിവർ സംസാരിച്ചു. തൃത്തല്ലൂരിലെ ഓട്ടോ ഡ്രൈവറായ ജാബിർ കഴിഞ്ഞ 12 വർഷമായി ഓട്ടോയിലെ മടക്കയാത്രക്കൂലി കൈയിൽ വാങ്ങാതെ വണ്ടിയിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കുകയും അത് ഓരോ ആറ് മാസത്തിലും ഇത്തരത്തിലുള്ള രോഗികകൾക്ക് കൈമാറുകയും ചെയ്തുപോരുന്നുണ്ട്
previous post